TOPICS COVERED

കൊല്ലം തീരദേശത്ത് ഇല്ലായ്മകളില്‍ നിന്ന് പടുത്തുയര്‍ത്തിയ ആദ്യ വായനശാലയ്ക്ക് എഴുപത്തിയഞ്ച് വയസ്. നാലുവര്‍ഷം മുന്‍പ് തകര്‍ന്നുവീണ ലൈബ്രറി കെട്ടിടത്തിന് പകരമായി മത്സ്യത്തൊഴിലാളികള്‍ നിര്‍മിച്ച പുതിയ കെട്ടിടം ഇന്ന് നാടിന് സമര്‍‌പ്പിക്കും. പ്രളയകാലത്ത് മല്‍സ്യത്തൊഴിലാളികള്‍ രക്ഷാപ്രവര്‍ത്തനത്തിന് പുറപ്പെട്ടതും ഇവിടെ നിന്നായിരുന്നു. 

മത്സ്യത്തൊഴിലാളികളുടെ അധ്വാനമാണ് ഈ വായനാമന്ദിരം. എല്ലാവരും മനസ്സറിഞ്ഞ് ലൈബ്രറിക്കായി സ്വരൂപിച്ചത് 65 ലക്ഷം രൂപ. 75 ന്റെ തലയെടുപ്പില്‍ പുതിയ കെട്ടിടം യാഥാര്‍ഥ്യമായി. 1903ൽ ആരംഭിച്ച സെന്റ് ആന്റണീസ് വായനശാലയാണ് കോസ്റ്റൽ പബ്ലിക് ലൈബ്രറിയുടെ ആദ്യരൂപം. 1972 ൽ നിര്‍മിച്ച കെട്ടിടം 2020 മേയിൽ കനത്ത മഴയിൽ തകർന്നു. അതിനുപകരമാണ് ഈ നിര്‍മിതി. നാലായിരത്തോളം അംഗങ്ങളും പതിനാറായിരത്തോളം പുസ്തകങ്ങളുമാണ് ലൈബ്രറിയുടെ സ്വത്ത്.

നാട് പ്രളയത്തിൽ മുങ്ങിയപ്പോള്‍ രക്ഷയുടെ തോണി തുഴഞ്ഞ ചരിത്രമുണ്ട് വാടിക്ക്.  2018 ല്‍ പ്രളയത്തിൽ ചെറുവള്ളവുമായി രക്ഷാപ്രവര്‍ത്തനത്തിന് പോയത് വാടി കോസ്റ്റൽ ലൈബ്രറിയിലെ അംഗങ്ങളായ മത്സ്യത്തൊഴിലാളികൾ ആയിരുന്നു. ഡിജിറ്റൽ ലൈബ്രറി, സൗജന്യ ഇ– സേവാ കേന്ദ്രം, സൗജന്യ പിഎസ്‌സി പരിശീലനം., സൗജന്യ ഫ്രഞ്ച് ഭാഷാ പഠനം എന്നിവയൊക്കെ പ്ലാറ്റിനം ജൂബിലി വർഷത്തിൽ ലക്ഷ്യമിടുന്നു. 

ENGLISH SUMMARY:

The new library building built by fishermen will be handed over to the nation today