സിപിഎം നേതാവും കൊല്ലം കരുനാഗപ്പളളി നഗരസഭാ ചെയര്‍മാനുമായ കോട്ടയില്‍ രാജുവിനെ സ്ഥാനത്തു നിന്ന് നീക്കും. സ്ത്രീയോട് ലൈംഗീകച്ചുവയോടെ സംസാരിച്ചതിന് പൊലീസ് കേസെടുത്തതിന് പിന്നാലെയാണ് രാജുവിനെതിരെ പാര്‍ട്ടി നടപടി വരുന്നത്. അതേസമയം പാര്‍ട്ടി സമ്മേളനകാലത്ത് കരുനാഗപ്പളളിയില്‍ നേതാക്കള്‍ സൃഷ്ടിക്കുന്ന വിവാദങ്ങള്‍ നേതൃത്വത്തിന് തലവേദനയായി.
നഗരസഭയിലെ ശുചീകരണ ജീവനക്കാരിയോട് ലൈംഗീകച്ചുവയോടെ സംസാരിച്ചെന്ന പരാതിയിലാണ് സിപിഎം കരുനാഗപ്പളളി ടൗണ്‍ ലോക്കല്‍ കമ്മിറ്റി അംഗവും നഗരസഭാ ചെയര്‍മാനുമായ കോട്ടയില്‍ രാജു കുടുങ്ങിയത്. പാര്‍ട്ടി അനുഭാവിയായ നാല്‍പത്തിയഞ്ചുകാരി പൊലീസില്‍ പരാതികൊടുത്തതിനൊപ്പം പാര്‍ട്ടി നേതാക്കള്‍ക്കും പരാതി നല്‍കിയിരുന്നു. പരാതിക്ക് പിന്നില്‍ മറ്റു ചിലര്‍ ഉണ്ടെന്നാണ് നഗരസഭാ ചെയര്‍മാന്‍റെ വിശദീകരണം.
കോട്ടയില്‍ രാജുവിനെ മാറ്റിയാല്‍ പകരം സിപിഐയുടെ പ്രതിനിധി നഗരസഭാ ചെയര്‍മാനാകും. മുന്നണി ധാരണപ്രകാരം സിപിഐയ്ക്ക് നഗരസഭാ ഭരണത്തിന്‍റെ അവസാനസമയം നല്‍കണം. അതേസമയം കരുനാഗപ്പളളിയില്‍ നേതാക്കള്‍ തമ്മിലുളള ചേരിപ്പോരും വിവാദങ്ങളും പാര്‍ട്ടി സമ്മേളനകാലത്ത് നേതൃത്വത്തിന് തലവേദനയായി.
പത്തുദിവസം മുന്‍പ് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ നേരിട്ടെത്തി നേതാക്കളുമായി ചര്‍ച്ച നടത്തിയതാണ്. സ്കൂളിലെ നിർമാണ പ്രവൃത്തിയുടെ പണം കൈമാറ്റവുമായി ബന്ധപ്പെട്ട് ജില്ലാ കമ്മിറ്റി അംഗം പിആര്‍ വസന്തനെതിരെ ആരോപണം ഉയര്‍ന്നിരുന്നു. പാര്‍ട്ടി സംസ്ഥാന കമ്മിറ്റി അംഗം സൂസന്‍ കോടി കായല്‍കയ്യേറിയെന്നും ഒരുവിഭാഗം കുത്തിപ്പൊക്കുന്നു.