കൊല്ലം കൊല്ലൂര്‍വിള സര്‍വീസ് സഹകരണ ബാങ്ക് ക്രമക്കേടില്‍ പ്രതികളുടെ അറസ്റ്റ് വൈകുന്നതായി പരാതി. വായ്പ അനുവദിച്ചതില്‍ ബാങ്കിന് ആറു കോടിയിലധികം രൂപയുടെ നഷ്ടമുണ്ടായെന്നാണ് കേസ്. തിരിച്ചടവ് മുടങ്ങിയ വായ്പകള്‍ തിരിച്ചുപിടിക്കുമെന്നും നിക്ഷേപകര്‍ക്ക് ആശങ്കവേണ്ടെന്നും ബാങ്ക് ഭരണസമിതി അറിയിച്ചു.
2020-21 സാമ്പത്തികവര്‍ഷത്തെ സഹകരണ വകുപ്പിന്റെ ഓഡിറ്റ് റിപ്പോര്‍ട്ടാണ് കോണ്‍ഗ്രസ് അംഗങ്ങള്‍ ഉള്‍പ്പെട്ട ബാങ്ക് ഭരണസമിതിയെ വെട്ടിലാക്കിയത്. സഹകരണ റജിസ്ട്രാറുടെ മാര്‍ഗരേഖയ്ക്ക് വിരുദ്ധമായി നിക്ഷേപകര്‍ക്ക് അധിക പലിശ നല്‍കി, ഈടായി സ്വീകരിച്ച വസ്തുവിന് മാര്‍ക്കറ്റ് വിലയേക്കാള്‍ ഉയര്‍ന്ന മൂല്യം കണക്കാക്കി വായ്പ അനുവദിച്ചു, ബാങ്കിന്റെ പ്രവര്‍ത്തന പരിധി മറികടന്ന് വ്യക്തികള്‍ക്ക് വായ്പ നല്‍കി എന്നിവയാണ് ക്രമക്കേടായി ചൂണ്ടിക്കാട്ടിയത്.
ആറുകോടി അറുപത്തിയേഴ് ലക്ഷം രൂപയുടെ നഷ്ടമുണ്ടായതിന് ബാങ്ക് ഭരണസമിതി അംഗങ്ങളും സെക്രട്ടറിയും ഉള്‍പ്പെടെ പതിമൂന്നുപേര്‍ക്കെതിരെയാണ് കേസ്. ക്രൈംബ്രാഞ്ചാണ് അന്വേഷിക്കുന്നത്.
Also Read; മണിയാറിന്‍റെ ഷട്ടറുകള്‍ക്ക് മുകളിലൂടെ വെള്ളം; ഗുരുതര വീഴ്ച
അതേസമയം ബാങ്കിന് കോടികളുടെ ആസ്തിയുണ്ടെന്നും വായ്പ തിരിച്ചുപിടിക്കുന്ന നടപടി തുടങ്ങിയെന്നും നിക്ഷേപകരുടെ പണം സുരക്ഷിതമാണെന്നും ഭരണസമിതി വ്യക്തമാക്കി. 1961 തുടങ്ങിയ ബാങ്കില്‍ പതിനെണ്ണായിരം അംഗങ്ങളുണ്ട്.