ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ ഇടപെടലില്‍ കൊല്ലം നഗരത്തിലെ ഫ്ളക്സ് ബോര്‍ഡുകള്‍ നീക്കം ചെയ്തെങ്കിലും വീണ്ടും ബോര്‍ഡുകള്‍ സ്ഥാപിക്കുന്നത് കൊല്ലം കോര്‍പറേഷനെ വെട്ടിലാക്കുന്നു. രാഷ്ട്രീയപാര്‍ട്ടികളും സംഘടനകളുമൊക്കെയാണ് നഗരത്തിലുടനീളം കാഴ്ച മറയ്ക്കുന്ന ബോര്‍ഡുകള്‍ സ്ഥാപിക്കുന്നത്.
കഴിഞ്ഞ ദിവസം കൊല്ലം കോടതി സമുച്ചയത്തിന്റെ ശിലാസ്ഥാപന ചടങ്ങില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് ഹൈക്കോടതി ജഡ്ജ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ചിന്നക്കടയിലെ പാതയോരങ്ങളില്‍ വ്യാപകമായി സ്ഥാപിച്ചിരുന്ന ഫ്ളെക്സ് ബോര്‍ഡുകള്‍ കണ്ടത്. കോര്‍പറേഷന്‍ സെക്രട്ടറിയെ വിളിച്ചുവരുത്തി താക്കീത് ചെയ്തു. രണ്ടര ലക്ഷം രൂപ പിഴയടയ്ക്കേണ്ടിവരുമെന്ന് ഒാര്‍മിപ്പിച്ചു.
കോടതി പറഞ്ഞത് കേട്ടനുസരിച്ച് ഫ്ളെക്സുകള്‍ മാറ്റിയെങ്കിലും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ഇവിടെ നിന്ന് പോയ അതേദിവസം രാത്രി വീണ്ടും ഫ്ളക്സ് ബോര്‍ഡുകള്‍ വച്ചുതുടങ്ങി. പാതിരാത്രിയില്‍ രാഷ്ട്രീയപാര്‍ട്ടികളും വിവിധ സംഘടകളും സ്ഥാപനങ്ങളുമൊക്കെയാണ് പാതയോരത്ത് ബോര്‍ഡുകള്‍ കെട്ടിവയ്ക്കുന്നത്. ഫ്ളെക്സ് മാറ്റാന്‍ ദിവസവും ജീവനക്കാരെ നിയമിക്കേണ്ടുന്ന സ്ഥിതിയായി.
ചിന്നക്കടയില്‍ നടപ്പാതയില്‍ പുതിയ സ്റ്റീല്‍ കൈവരികളൊക്കെ സ്ഥാപിച്ച് നവീകരിച്ചത് അടുത്തിടെയാണ്. ഫ്ളെക്സ് ബോര്‍ഡ് കെട്ടിവയ്ക്കാനല്ല കൈവരി സ്ഥാപിച്ചതെന്ന് കോര്‍പറേഷന്‍ ഒാര്‍മിപ്പിക്കുന്നു. ബോധവല്‍ക്കരണം ഫലിച്ചില്ലെങ്കില്‍ ഉയര്‍ന്ന പിഴ ഇൗടാക്കാനാണ് കോര്‍പറേഷന്റെ തീരുമാനം