ചാംപ്യന്‍സ് ബോട്ട് ലീഗിന് കൊല്ലത്ത് സമാപനമായതോടെ പളളാത്തുരുത്തിക്കും വീയപുരത്തിനും ഈ സീസണ്‍ മികച്ച നേട്ടങ്ങളാണ് സമ്മാനിച്ചത്. തുടര്‍ച്ചയായ വിജയത്തേരിലാണ് പളളാത്തുരുത്തി. ആറു സിബിഎല്‍ മല്‍സരങ്ങളില്‍ വീയപുരവും മികച്ച പ്രകടനം കാഴ്ചവച്ചു.
എഴുപതാമത് നെഹ്റു ട്രോഫിയിൽ വിജയിച്ച പള്ളാത്തുരുത്തി ബോട്ട് ക്ലബിന്റെ കാരിച്ചാൽ ചുണ്ടന് വീണ്ടും മറ്റൊരു നേട്ടം കൂടിയാണ് ചാംപ്യന്‍സ് ബോട്ട് ലീഗ് കിരീടം. 1970 സെപ്റ്റംബർ എട്ടിന് നീരണിഞ്ഞ കാരിച്ചാൽ 1974 ലാണ് ആദ്യ നെഹ്റു ട്രോഫി നേടിയത്. പിന്നീടിങ്ങോട്ട് നിരവധി തവണ പലയിടങ്ങളില്‍ ചാംപ്യന്‍മാരായി. അപ്പര്‍കുട്ടനാട്ടിലെ കാരിച്ചാല്‍ക്കരക്കാരുടെ ആത്മസമര്‍പ്പണമാണ് കാരിച്ചാല്‍ ചുണ്ടന്‍.
വളളംകളിയുടെ തറവാടാണ് കൈനകരി. വില്ലേജ് ബോട്ട് ക്ളബ് കൈനകരി തുഴഞ്ഞ വീയപുരം ചുണ്ടനും സിബിഎല്ലില്‍ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. 2019 ലാണ് പ്രവാസി കൂട്ടായ്മയുടെയും കരക്കാരുടെയും നേതൃത്വത്തില്‍ വീയപുരം കരയ്ക്കായി ചുണ്ടന്‍വളളം നിര്‍മിച്ചത്. വരും നാളുകളിലും മുന്നേറ്റം തുടരുമെന്നാണ് വീയപുരം അവകാശപ്പെടുന്നത്. അതേസമയം കഴിഞ്ഞ വര്‍ഷം കൊല്ലത്ത് പ്രസിഡന്റ് ട്രോഫിയും സിബിഎല്ലും കരസ്ഥമാക്കിയ പളളാത്തുരുത്തി ബോട്ട് ക്ളബ് തുഴഞ്ഞത് വീയപുരം ചുണ്ടനായിരുന്നു.