കൊല്ലത്ത് അഷ്ടമുടിക്കായലില്‍ ജലരാജാക്കന്മാര്‍ ഏറ്റുമുട്ടിയ വളളംകളി മല്‍സരത്തില്‍ പ്രസിഡന്‍സ് ട്രോഫിയില്‍ മുത്തമിട്ടത് വീയപുരം ചുണ്ടന്‍. ചാംപ്യന്‍സ് ബോട്ട് ലീഗ് കിരീടം പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബിന്റെ കാരിച്ചാൽ ചുണ്ടനും കരസ്ഥമാക്കി.
പത്താമത് പ്രസിഡന്‍സ് ട്രോഫി കിരീടത്തിലാണ് വില്ലേജ് ബോട്ട് ക്ലബ്ബ് കൈനകരി തുഴഞ്ഞ വീയപുരം ചുണ്ടൻ മുത്തമിട്ടത്. വാശിയേറിയ മല്‍സരത്തില്‍ 3 മിനിറ്റ് 53 സെക്കന്‍ഡ് 85 മൈക്രസെക്കന്‍ഡിൽ കുതിച്ചായിരുന്നു വീയപുരം ചുണ്ടന്റെ മുന്നേറ്റം. ചാമ്പ്യന്‍സ് ബോട്ട് ലീഗ് നാലാം എഡിഷന്റെ ഫൈനലും കൂടിയാണ് നടന്നത്. ആറ് മത്സരങ്ങളില്‍ നിന്നായി 58 പോയന്റുകള്‍ കരസ്ഥമാക്കിയാണ് പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബിന്റെ കാരിച്ചാൽ ചുണ്ടന്‍ സി.ബി.എൽ ചാമ്പ്യന്മാരായത്. 57 പോയിന്റുമായി വീയപുരം ചുണ്ടന്‍ രണ്ടാം സ്ഥാനവും 48 പോയിന്റുകളുമായി നിരണം ബോട്ട് ക്ലബ്ബിന്റെ നിരണം ചുണ്ടൻ മൂന്നാം സ്ഥാനത്തും എത്തി.സി. ബി.എല്‍ ജേതാവായ പളളാത്തുരുത്തിക്ക് 25 ലക്ഷം രൂപയാണ് സമ്മാനത്തുകയായി ലഭിച്ചത്.
തേവള്ളി കൊട്ടാരം മുതൽ കെഎസ്ആർടിസി ബസ് സ്റ്റാൻഡിനു സമീപത്തെ ബോട്ട് ജെട്ടി വരെ മൂന്നു ട്രാക്കുകളിലായിരുന്നു മല്‍സരം. ഒന്‍പതു ചുണ്ടൻ വള്ളങ്ങളാണ് പങ്കെടുത്തത്. സംസ്ഥാനത്ത് പന്ത്രണ്ടിടങ്ങളില്‍ നടന്നിരുന്ന സിബിഎല്‍ മുണ്ടക്കൈ– ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിന്‍റെ പശ്ചാത്തലത്തിൽ ആറു സ്ഥലങ്ങളില്‍ മാത്രമാണ് ക്രമീകരിച്ചത്. കഴിഞ്ഞ നവംബർ പതിനാറിന് കോട്ടയം താഴത്തങ്ങാടിയിലാണ് സിബിഎല്‍ തുടങ്ങിയത്. ചുരുങ്ങിയസമയം കൊണ്ടാണ് കൊല്ലത്ത് ജനപ്രതിനിധികളും ജില്ലാ ഭരണകൂടവും പൊതുപ്രവര്‍ത്തകരും ചേര്‍ന്ന് വളളംകളി ജനകീയമാക്കിയത്.