പ്രധാന പൈപ്പ് ലൈൻ തകർന്നതിനെ തുടർന്ന് കൊല്ലം ചവറ മേഖലയിൽ കുടിവെള്ള വിതരണം നിലച്ചിട്ട് 10 ദിവസം. പൈപ്പ് പുനഃസ്ഥാപിക്കാനുള്ള പ്രവർത്തനങ്ങൾ അവസാന ഘട്ടത്തിലാണെന്നും ക്രിസ്മസിന് മുൻപ് മുഴുവൻ സ്ഥലങ്ങളിലും ജലവിതരണം പുനസ്ഥാപിക്കുമെന്നും വാട്ടർ അതോറിറ്റി അറിയിച്ചു. വെള്ളമെടുക്കാൻ പോയപ്പോൾ വള്ളം മറിഞ്ഞ് മരണപ്പെട്ട പുത്തൻതുരുത്ത് സ്വദേശി സന്ധ്യയുടെ കുടുംബത്തിന് വീട് വെച്ച് നൽകുമെന്ന് എൻ.കെ.പ്രേമചന്ദ്രൻ എം.പി പറഞ്ഞു.
ദേശീയപാതയ്ക്കു സമാന്തരമായി ചവറ പാലത്തിനു സമീപം സ്ഥാപിച്ചിരുന്ന പ്രധാന പൈപ്പ്‌ലൈൻ കഴിഞ്ഞ ഞായറാഴ്ച തകർന്നതോടെയാണ് കുടിവെള്ള വിതരണം പൂർണമായും മുടങ്ങിയത്. കോർപ്പറേഷൻ കുടിവെള്ളം ടാങ്കറിൽ എത്തിക്കുന്നുണ്ടെങ്കിലും വെള്ളത്താൽ ചുറ്റപ്പെട്ട തുരുത്തിലേക്കെത്തിക്കാൻ കഴിയുന്നില്ല. കടവുകളിലെത്തി വെള്ളം ശേഖരിച്ച് ചെറുവള്ളങ്ങളിലെത്തിച്ചാണ് തുരുത്തിൽ താമസിക്കുന്നവർ ജീവിതം കഴിച്ചുകൂട്ടുന്നത്.
കുടിവെള്ള പൈപ്പ് പുനഃസ്ഥാപിക്കുന്നതിന്റെ പലഘട്ടത്തിലും ഉണ്ടായ പ്രതിസന്ധിയാണ് കാലതാമസത്തിന് കാരണമായതെന്നും രണ്ടുദിവസത്തിനുള്ളിൽ ജലവിതരണം പൂർണമായും പുനരാരംഭിക്കുമെന്നും വാട്ടർ അതോറിറ്റി സൂപ്രണ്ടിംഗ് എൻജിനീയർ മനോരമ ന്യൂസിനോട് പറഞ്ഞു. വെള്ളം ശേഖരിക്കാൻ പോയപ്പോൾ വള്ളം മറിഞ്ഞു മരിച്ച സന്ധ്യയുടെ മൃതദേഹം ഹോളി ഫാമിലി റോമൻ കത്തോലിക്കാ പള്ളി സെമിത്തേരിയിൽ ഉച്ചയ്ക്ക് 12 മണിയോടെ സംസ്കരിച്ചു.