പത്തനംതിട്ട കോന്നിയില്‍ വനംവകുപ്പിന്‍റെ തേക്ക് തടികളുടെ ചില്ലറ വില്‍പന ഇന്നുമുതല്‍. ജനങ്ങള്‍ക്ക് നിലവാരമുള്ള തേക്ക് നേരിട്ട് വാങ്ങാനുള്ള അവസരമാണിത്. കെട്ടിട നിര്‍മാണത്തിന്‍റെ രേഖകളുമായി വേണം തടിവാങ്ങാന്‍ ചെല്ലാന്‍.
വനംവകുപ്പിന്‍റെ തോട്ടങ്ങളില്‍ 60 വര്‍ഷം മുന്‍പ് നട്ട മരങ്ങളാണ് തീര്‍ത്തു വെട്ടിയത്. രണ്ട് ബി, മൂന്ന് ബി ഇനം തേക്കുതടികളാണ് ജനങ്ങള്‍ക്ക് വില്‍പനക്കായുള്ളത്. വിദഗ്ധ സംഘം പരിശോധിച്ച് വിലയിട്ട തടികളാണ് കോന്നി ഡിപ്പോയില്‍ അടുക്കിയിട്ടിരിക്കുന്നത്. പുനലൂര്‍ ടിമ്പര്‍ ഡിവിഷനിലെ ഏറ്റവും വലിയ തടി ഡിപ്പോയാണ് കോന്നി. തമിഴ്നാട്ടില്‍ നിന്നടക്കം ആള്‍ക്കാര്‍ തേക്കിന്‍ തടിവാങ്ങാനെത്തും.
വീട് നിര്‍മാണത്തിനുള്ള അനുമതി പത്രം. കെട്ടിടത്തിന്‍റെ പ്ലാന്‍, സ്കെച്ച്, പാന്‍കാര്‍ഡ്, തിരിച്ചറിയല്‍ കാര്‍ഡ് തുടങ്ങിയ രേഖകളുമായി വേണം തടി ഡിപ്പോയില്‍ എത്താന്‍. തടിവ്യാപാരികള്‍ക്കുള്ള കച്ചവടം ഇ ലേലത്തിലൂടെയാണ്. കോന്നി, മണ്ണാറപ്പാറ, നടുവത്തുമൂഴി റേഞ്ചുകളിലെ തടികളാണ് ലേലത്തിനായും ചില്ലറ വില്‍പനക്കായും എത്തിച്ചിരിക്കുന്നത്