TOPICS COVERED

പൂട്ടിയ പാറമട തുറക്കണമെന്നാവശ്യപ്പെട്ടുള്ള യോഗത്തില്‍ മുന്‍ എംഎല്‍എ രാജു എബ്രഹാം പങ്കെടുത്തതിനെ തുടര്‍ന്ന് പത്തനംതിട്ട വി-കോട്ടയത്ത് സിപിഎമ്മില്‍ കൂട്ട രാജി. ലോക്കല്‍ സെക്രട്ടറിയും നാല് ബ്രാഞ്ച് സെക്രട്ടറിമാരും അടക്കം 46 പേരാണ് രാജിക്കത്ത് നല്‍കിയത്. തൊഴിലാളികള്‍ക്ക് വേണ്ടിയാണ് പങ്കെടുത്തത് എന്നാണ് രാജു എബ്രഹാമിന്‍റെ വിശദീകരണം. 

നാട്ടുകാരുടെ പ്രക്ഷോഭത്തെ തുടര്‍ന്ന് ഹൈക്കോടതി ഉത്തരവ് അനുസരിച്ച് ആണ് രണ്ട് വര്‍ഷം മുന്‍പ് പത്തനംതിട്ട വി കോട്ടയത്തെ അമ്പാടി പാറമട അടച്ചത്. കഴിഞ്ഞ ദിവസം സിഐടിയു അടക്കം സംയുക്ത ട്രേഡ് യൂണിയന്‍ പാറമട തുറക്കണം എന്നാവശ്യപ്പെട്ട് സംഘടിപ്പിച്ച യോഗം മുതിര്‍ന്ന സിപിഎം നേതാവും മുന്‍ എംഎല്‍എയുമായ രാജു എബ്രഹാമാണ് ഉദ്ഘാടനം ചെയ്തത്. ഡ്രൈവര്‍മാരുടേയും മറ്റ് ജോലിക്കാരുടേയും തൊഴില്‍ സംരക്ഷണം ആയിരുന്നു ആവശ്യം. പങ്കെടുക്കരുത് എന്ന് കോന്നി എരിയക്കമ്മിറ്റിയെ അറിയിച്ചിട്ടും രാജു എബ്രഹാം പങ്കെടുത്തതോടെയാണ് പാര്‍ട്ടിയില്‍ പൊട്ടിത്തെറിയായത്. രാജി എന്ന കീഴ്‌വഴക്കം പാര്‍ട്ടിയില്‍ ഇല്ലാത്തതിനാല്‍ തങ്ങളെ പുറത്താക്കണം എന്നാണ് ആവശ്യം.

ഓട്ടോ–ടാക്സി യൂണിയന്‍ സംസ്ഥാന പ്രസിഡന്‍റാണ് താന്‍ എന്ന് രാജു എബ്രഹാം പറഞ്ഞു. പട്ടിണിയിലായ നൂറിലധികം തൊഴിലാളി കുടുംബങ്ങള്‍ക്കായി ആണ് ഇടപെട്ടത്.  പങ്കെടുക്കരുതെന്ന് ഔദ്യോഗിക അറിയിപ്പ് കിട്ടിയില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം പാര്‍ട്ടി  മേല്‍ക്കമ്മിറ്റിയെ കൃത്യമായി അറിയിക്കാഞ്ഞതാണ് പ്രശ്നമെന്നും സംഘടനാപരമായി പരിഹരിക്കും എന്നും സിപിഎം ജില്ലാ സെക്രട്ടറിയും പറഞ്ഞു. പാര്‍ട്ടി ലോക്കല്‍ കമ്മിറ്റിയടക്കം എതിര്‍ നിലപാട് എടുത്ത പാറമടയ്ക്കായി സംസ്ഥാനക്കമ്മിറ്റിയംഗം പങ്കെടുത്തത് ശരിയായില്ലെന്നാണ് കോന്നി എരിയക്കമ്മിറ്റിയുടേയും നിലപാട്

Mass resignation from CPM in Pathanamthitta: