പത്തനംതിട്ട തുമ്പമണ്ണില്‍ സഹകരണ ബാങ്ക് തിരഞ്ഞെടുപ്പില്‍ കള്ളവോട്ട് ചെയ്തതും സംഘര്‍ഷമുണ്ടാക്കിയതും കോണ്‍ഗ്രസെന്നു സിപിഎം ജില്ലാ സെക്രട്ടറി. കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വ്യാജ ഐഡികാര്‍ഡ് ചിത്രങ്ങളും പുറത്തുവിട്ടു. ഫേസ് ബുക്കിലെ ഫോട്ടോകള്‍ ചേര്‍ത്തുള്ള വ്യാജ പ്രചാരണം എന്നാണ് കോണ്‍ഗ്രസ് നിലപാട്.
സിപിഎം കൂടല്‍ ലോക്കല്‍ സെക്രട്ടറിയും, കുരമ്പാല ബ്രാഞ്ച് സെക്രട്ടറിയുമടക്കം പ്രാദേശിക നേതാക്കള്‍ പോളിങ് ബൂത്തിന് മുന്നില്‍ ക്യൂ നിന്നത് നിരീക്ഷണത്തിനാണ്. കള്ളവോട്ടിന് ശ്രമിച്ചത് കോണ്‍ഗ്രസാണ്. ഇതാണ് സിപിഎമ്മിന്‍റെ നിലപാട്.
കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ചിത്രം പതിച്ച ചില ഐഡി കാര്‍ഡുകളുടെ പകര്‍പ്പും പുറത്തുവിട്ടു. കള്ളവോട്ട് ചെയ്യാന്‍ തയാറാക്കി എന്നാണ് ആരോപണം. പന്തളത്തെ കോണ്‍ഗ്രസ് പ്രാദേശിക നേതാക്കളായ കിരണ്‍ കുരമ്പാല, മനോജ് കുരമ്പാല എന്നിവരുടെ ചിത്രങ്ങളാണ് പുറത്തു വിട്ടത്. എന്നാല്‍ ഫേസ്ബുക്കിലെ ഫോട്ടോകള്‍ ദുരുപയോഗം ചെയ്ത് സിപിഎം വ്യാജ കാര്‍ഡ് നിര്‍മിച്ച് അപവാദപ്രചാരണം നടത്തുന്നു എന്നാണ് കോണ്‍ഗ്രസിന്‍റെ മറുപടി. ഇതിനെതിരെ നടപടി ഉണ്ടാവും.
ഇന്ന് ആറന്മുള പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫിസര്‍ ശ്രീരാജിന്‍റെ പത്തനംതിട്ടയിലെ വീട്ടിലേക്ക് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധ മാര്‍ച്ച് നടത്തും. പ്രവ്‍ത്തകരെ മര്‍ദിച്ചെന്നും കള്ളക്കേസ് കൊടുത്തു എന്നും ആരോപിച്ചാണ് പ്രതിഷേധം. വൈകിട്ട് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍റെ വീട്ടിലേക്കും പ്രതിഷേധമുണ്ട്.