വര്‍ഷങ്ങളായി തകര്‍ന്നു കിടന്ന പത്തനംതിട്ടയിലെ സ്വകാര്യ ബസ് സ്റ്റാന്‍ഡ് നവീകരിച്ചു. രണ്ടാം ഘട്ടത്തിലേക്കുള്ള പണികള്‍ തുടങ്ങി. അപ്പോഴും സ്റ്റാന്‍ഡിന് മുന്നിലെ നടുവൊടിക്കുന്ന റോഡിന് മാത്രം മാറ്റമില്ല. പണിപൂര്‍ത്തിയാക്കുമെന്ന് പറഞ്ഞ തീയതി കഴിഞ്ഞ് രണ്ട് വര്‍ഷമായിട്ടും മേല്‍പ്പാലം നിര്‍മാണം ഇഴയുകയാണ്
അഞ്ച് കോടി ചെലവിട്ടാണ് നഗര സഭ ബസ് സ്റ്റാന്‍ഡിനെ നവീകരിച്ചെടുത്തത്. ബസുകള്‍ക്ക് പാര്‍ക്കിങ്ങിനടക്കം 75000സ്ക്വയര്‍ ഫീറ്റ് യാര്‍ഡ് ആയി. രണ്ടാംഘട്ട വികസനത്തിനുള്ള പണികള്‍ വേഗത്തില്‍ പുരോഗമിക്കുകയാണ്. കുഴിയിക്കൂടി ബസ് സാഹസികമായി ഓടിച്ചിരുന്ന ഡ്രൈവര്‍മാര്‍ക്കും കുറച്ച് സമാധാനമായി.
നല്ല ബസ് സ്റ്റാന്‍ഡില്‍ നിന്നിറങ്ങുന്നത് മാരക ഗര്‍ത്തങ്ങളിലേക്കും ഗതാഗതക്കുരുക്കിലേക്കുമാണ്. നടന്നു പോകാന്‍ പോലും കഴിയാത്ത ചെളിക്കുളങ്ങള്‍. ഒന്നരക്കൊല്ലം കൊണ്ടു തീര്‍ക്കുമെന്ന് പ്രഖ്യാപിച്ച അബാന്‍ മേല്‍പ്പാലം മൂന്നര വര്‍ഷമായിട്ടും ഇഴച്ചിലാണ്. 611 മീറ്റര്‍ നീളമുള്ള അബാന്‍ മേല്‍പ്പാലത്തിന്‍റെ പണികള്‍ ചെയ്യുന്നത് വിരലില്‍ എണ്ണാവുന്ന പണിക്കാര്‍ ചേര്‍ന്നാണ്. വഴിയടച്ചതോടെ കടകള്‍ പലതും പൂട്ടി. ഇനി എന്ന് തീരുമെന്നും ആര്‍ക്കും അറിയില്ല.