പത്തനംതിട്ട മണിയാര്‍ ബാരേജില്‍ അടച്ചിട്ട ഷട്ടറുകള്‍ക്ക് മുകളിലൂടെ വെള്ളം ഒഴുകിയത് ഗുരുതര സുരക്ഷാ വീഴ്ചയെന്ന് വിലയിരുത്തല്‍. പമ്പാജലസേചന പദ്ധതിയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഷട്ടറുകള്‍ക്ക് മുകളിലൂടെ വെള്ളം ഒഴുകുന്നത്. സ്വകാര്യ ജലവൈദ്യുത പദ്ധതിയുടെ അണക്കെട്ട് മുന്നറിയിപ്പില്ലാതെ തുറന്നതാണ് സാഹചര്യം ഗുരുതരമാക്കിയത്.
ശനി വൈകിട്ട് രണ്ട് കിലോമീറ്റര്‍ മുകളിലുള്ള ജലസംഭരണിയില്‍ നിന്നാണ് വെള്ളം ഇരച്ചെത്തിയത്. മണിയാര്‍ ബാരേജിന്‍റെ അഞ്ച് ഷട്ടറുകള്‍ക്ക് മുകളിലൂടെ ഒരു മീറ്ററോളം ഉയരത്തില്‍ വെള്ളം കവിഞ്ഞൊഴുകി. പണികള്‍ നടക്കുന്നതിനാല്‍ വൈദ്യുതി ഇല്ല. ഇതുകാരണം പെട്ടെന്ന് ഷട്ടറുകള്‍ ഉയര്‍ത്താന്‍ കഴിഞ്ഞില്ല. അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ ഷട്ടറുകള്‍ താഴ്ത്തിയിടാന്‍ പാടില്ലാത്തതാണ്. ഒടുവില്‍ ജീവനക്കാര്‍ സാഹസികമായി ഒരു ഷട്ടര്‍ ഉയര്‍ത്തി. വെള്ളം കവിഞ്ഞൊഴുകിയാല്‍ ഷട്ടറുകള്‍ തകരാറിലാകും. മണിയാര്‍ ബാരേജിന്‍റെ നിലവിലെ സ്ഥിതിയില്‍ ഭീതിയിലാണ് നാട്ടുകാര്‍.
Also Read; പൊലീസിന്‍റേത് ആണത്തമില്ലാത്ത തെമ്മാടിത്തം; പാഠം പഠിപ്പിക്കുമെന്ന് കെ. സുധാകരന്‍
കൊല്‍ക്കത്തയിലെ കമ്പനി ഷട്ടര്‍ മാറ്റാനുള്ള കരാര്‍ എടുത്തെങ്കിലും കാര്യമായ പുരോഗതിയില്ല. ഇറിഗേഷന്‍ വകുപ്പ് പ്രാഥമിക റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. മാനദണ്ഡങ്ങള്‍ പാലിച്ചാണ് വെള്ളം തുറന്നു വിട്ടതെന്നാണ് സ്വകാര്യ ജലസംഭരണിയുമായി ബന്ധപ്പെട്ടവരുടെ വിശദീകരണം.