ബിജെപിയിലെ തമ്മിലടിയില്‍ പന്തളം നഗരസഭയിലെ ഭരണം വീഴുമോ എന്ന് നാളെ അറിയാം. ബിജെപി കൗണ്‍സിലര്‍ കൂടി പിന്തുണയ്ക്കുന്ന അവിശ്വാസ പ്രമേയത്തെ യുഡിഎഫും പിന്തുണയ്ക്കും.. നാളത്തെ അവിശ്വാസ പ്രമേയ വോട്ടെടുപ്പില്‍ പങ്കെടുക്കരുതെന്ന് ബിജെപി, കൗണ്‍സിലര്‍മാര്‍ക്ക് വിപ്പ് നല്‍കിയിട്ടുണ്ട്..
നഗരസഭാ ചെയര്‍ പേഴ്സണ്‍ സുശീല സന്തോഷിനും ഡെപ്യൂട്ടി ചെയര്‍ പേഴ്സണ്‍പേഴ്സണ്‍ യു. രമ്യക്കുമെതിരെയാണ് അവിശ്വാസ പ്രമേയം. ഒന്‍പത് എല്‍ഡിഎഫ് അംഗങ്ങള്‍ക്കൊപ്പം ബിജെപി പുറത്താക്കിയ കൗണ്‍സിലര്‍ കെ.വി.പ്രഭയും ഒപ്പിട്ട പ്രമേയത്തെ യുഡിഎഫിന്‍റെ അഞ്ച് അംഗങ്ങളും പിന്തുണയ്ക്കും . സുശീല സന്തോഷിനോട് ഇടഞ്ഞു നില്‍ക്കുന്ന രണ്ട് ബിജെപി കൗണ്‍സിലര്‍മാര്‍ കൂടി പിന്തുണയ്ക്കും എന്നാണ് ഇടതു പക്ഷത്തിന്‍റെ പ്രതീക്ഷ. ദുര്‍ഭരണത്തിനും ചൂഷണത്തിനും എതിരായാണ് പിന്തുണയെന്ന് യുഡിഎഫ്.
കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ അട്ടിമറി വിജയം നേടിയ കാലം തൊട്ട് ബിജെപിയില്‍ അടിപൊട്ടിയതാണ്. പലരും ബിജെപി വിട്ട് സിപിഎമ്മിലെത്തി. തന്നെ അസഭ്യം പറഞ്ഞ ചെയര്‍ പേഴ്സണെതിരെ നടപടി എടുക്കാഞ്ഞതാണ് ബിജെപി കൗണ്‍സിലര്‍ കെ.വി.പ്രഭയെ വിമതനാക്കിയത്. പാലക്കാട്ട് തോറ്റ ബിജെപി സ്ഥാനാര്‍ഥി കൃഷ്ണകുമാറിനായിരുന്നു പന്തളം നഗരസഭയിലെ ചുമതല. പന്തളത്തെ പാര്‍ട്ടി തകര്‍ച്ചയുടെ കാരണക്കാരന്‍ കൃഷ്ണകുമാര്‍ ആണെന്നാണ് കൗണ്‍സിലര്‍മാരുടെ അടക്കം ആരോപണം.