parvathyputhanar-2205

TOPICS COVERED

പാര്‍വതീപുത്തനാര്‍ ജഡാവസ്ഥയിലായതാണ് തിരുവനന്തപുരം നഗരത്തിലെ വെള്ളപ്പൊക്കത്തിന് കാരണം. വേനല്‍മഴയില്‍ത്തന്നെ ദുരിതം പേറേണ്ടിവന്ന തിരുവനന്തപുരത്തുകാരെ  കാത്തിരിക്കുന്നത് വലിയദുരിതം സഹിക്കേണ്ട കാലവര്‍ഷക്കാലം. സെക്രട്ടേറിയറ്റിലും നഗരസഭയിലും ഇരിക്കുന്നവര്‍ക്ക് ഇത് അറിയാഞ്ഞിട്ടല്ല. മനുഷ്യനിര്‍മിതമായ ഈ ചെറുതോട് നിലനിര്‍ത്താന്‍പോലും കഴിയാത്തതെന്ത്?

വനമാകാന്‍ സാധ്യതയുളള ഒന്നാന്തരം കുറ്റിക്കാട്. ശീമക്കൊന്നമുതല്‍ തെങ്ങ്് വരെയുണ്ട്. ഇതാണ് പാര്‍വതീപുത്തനാര്‍. ആറ് എന്ന് വിളിക്കാനാകില്ല. പാര്‍വതീ പുത്തന്‍വനം എന്ന് വേണമെങ്കില്‍ പേരുമാറ്റിയിടാം. വള്ളക്കടവിന് ഇരുവശത്തെയും കാഴ്ചയാണിത് തിരുവനന്തപുരം നഗത്തിലെ വെള്ളമൊഴുകിപ്പൊയ്ക്കൊണ്ടിരുന്ന രാജ്യത്തെ തന്നെ ഏറ്റവും മികച്ച ഡ്രെയിനേജ് സിസ്റ്റത്തിന്റെ നട്ടെല്ലായിരുന്നു പാര്‍വതീപുത്തനാര്‍. ദേശീയ ജലപാതയുടെ ഏറ്റവും പ്രധാനപ്പെട്ട ഭാഗമാണിത്. ഇതിലൂടെ ചരക്ക് വഞ്ചികള്‍ പോകുന്നതും വിദേശ വിനോദസഞ്ചാരികള്‍ ഉല്ലാസത്തോടെ കൈവീശിപ്പോകുന്നതുമൊക്കെ ചിലമന്ത്രിമാരുടെ പ്രസംഗങ്ങള്‍ കേട്ട് കോരിത്തരിച്ചവര്‍ ഇന്ന് വഴിയിലും വീട്ടിലു കയറുന്ന വെള്ളംകോരി തളരുകയാണ്.

1825 ല്‍ അന്ന് പാര്‍വതീബായ്  തിരുവിതാംകൂര്‍ ഭരണാധികാരിയായിരുന്ന കാലത്താണ് ജലഗതാഗതത്തിനായി  ഈ തോട് നിര്‍മിച്ചത്. കഠിനംകുളം കായലില്‍ നിന്ന് തുടങ്ങി പൂന്തുറവരെയാണ് ആറ്. നഗരത്തിലെ ഇരുപത്തിരണ്ട് ഉപകനാലുകള്‍ പാര്‍വതീപുത്തനാറിലാണ് എത്തുന്നത്  നഗരത്തിലെ മഴവെള്ളം സുഗമായി ഒഴുകിപ്പോകുന്നതിനും സാഹായകമായി. ദേശീയ ജലപാതപദ്ധതിയുടെ ഭാഗമായി വള്ളക്കടവില്‍ പുതിയ പാലം വന്നു. പുതിയപാലത്തിനും പഴയപാലത്തിനും മധ്യേയുള്ള വളരാത്ത സസ്യങ്ങളും കുമിഞ്ഞുകൂടാത്ത മാലിന്യവുമില്ല.

പൂന്തുറ, അമ്പലത്തറ, മുട്ടത്തറ, തിരുവല്ലം, വള്ളക്കടവ്, പെരുന്താന്നി, പാല്‍ക്കുളങ്ങര, ചാക്ക, കരിയ്ക്കം തുടങ്ങി പതിനേഴ് വാര്‍ഡുകളിലൂടെയാണ് പാര്‍വതീപുത്തനാര്‍ കടന്നുപോകുന്നത്. ഇവിടങ്ങളിലെല്ലാമുള്ളവര്‍ക്ക് പ്ലാസ്റ്റിക് കവറില്‍ മാലിന്യം വലിച്ചെറിയാനുള്ള ഇടമായി ഇത് മാറി. . വള്ളക്കടവ് പഴപാലത്തില്‍ ഒരാല് പടര്‍ന്നുപന്തലിക്കുന്നുണ്ട്. അതുംതണലെന്ന വിചാരിക്കുന്നവരോട് എന്തുപറയാന്‍. മനുഷ്യനിര്‍മിതമായ ഈ ചെറുതോട്ടില്‍ക്കൂടി വെള്ളമൊഴുക്കാന്‍ സമയമില്ലാത്തവരായി നാം. നമുക്ക്  റൂം ഫോര്‍ റിവര്‍ എന്ന നെതര്‍ലന്‍ഡ്സ് മാതൃകയെക്കുറിച്ച് സിമ്പോസിയം സംഘടിപ്പിക്കാം.

ENGLISH SUMMARY:

The flood in Thiruvananthapuram city is due to the stagnant state of Parvathiputanar