തിരുവനന്തപുരം വെള്ളറടയിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ സ്വകാര്യ വ്യക്തി സൗജന്യമായി വാങ്ങിനല്‍കിയ ടോക്കണ്‍ മെഷീന്‍ ഉണ്ടായിരിക്കെ ബ്ലോക്ക് പഞ്ചായത്ത് വന്‍തുകയ്ക്ക് പുതിയ മെഷീന്‍ വാങ്ങി സ്ഥാപിച്ചത് വിവാദത്തില്‍. അഴിമതി ആരോപിച്ച് വെള്ളറട പഞ്ചായത്ത് പ്രസിഡന്‍റിന്‍റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പുതിയ മെഷീന്‍ സ്ഥാപിക്കുന്നത് തടയാന്‍ ശ്രമിച്ചു.
ഇരുപത്തയ്യായിരം രൂപ ചിലവിട്ട് സ്വകാര്യ വ്യക്തി വാങ്ങി നല്‍കിയ ടോക്കണ്‍ മെഷീന്‍ തകരാറുകളൊന്നുമില്ലാതെ പ്രവര്‍ത്തിക്കുന്നുണ്ട്. ഇതിനിടെയാണ് വന്‍തുക ചെലവഴിച്ച് ബ്ലോക്ക് പഞ്ചായത്ത് പുതിയ മെഷീന്‍ വാങ്ങിയത്. ഇന്നലെ പുതിയ മെഷീന്‍ സ്ഥാപിക്കുന്ന വിവരമറിഞ്ഞ് വെള്ളറട പഞ്ചായത്ത് പ്രസിഡന്‍റ് രാജ്മോഹന്‍റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷോധവുമായി രംഗത്തെത്തി. മെഡിക്കല്‍ ഓഫീസര്‍ ഡോ ബീന റാണിയെ ഉപരോധിച്ചു.
പ്രതിഷേധം വകവയ്ക്കാതെ ഉച്ചയ്ക്ക് ഒരുമണിയോടെ പൊലീസ് സാന്നിധ്യത്തില്‍ പുതിയ മെഷീന്‍ സ്ഥാപിച്ചു. ഇത് തടയാന്‍ ശ്രമിച്ചതോടെ കോണ്‍ഗ്രസ് പ്രവര്‍ത്തകരും എല്‍.ഡി.എഫ് പ്രവര്‍ത്തകരും തമ്മില്‍ വാക്കേറ്റമുണ്ടായി. കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയതോടെയാണ് രംഗം ശാന്തമായത്.