TOPICS COVERED

നേമം സഹകരണ ബാങ്കിന് പിന്നാലെ സിപിഎം നിയന്ത്രണത്തിലുള്ള തലസ്ഥാന നഗരത്തിലെ സഹകരണ സംഘവും പ്രതിസന്ധിയില്‍.  തിരുവനന്തപുരം ജില്ലാ ചുമട്ടുതൊഴിലാളി സഹകരണ സംഘത്തിലെ നിക്ഷേപകരാണ് പണം തിരിച്ചുകിട്ടാതെ പെരുവഴിയിലായിരിക്കുന്നത്. ഒന്നര മാസം നല്‍കിയാല്‍ പണം തിരികെ നല്‍കാമെന്നാണ് സംഘം നിക്ഷേപകരോട് ഇപ്പോള്‍ പറയുന്നത്. 

പാളയം സാഫല്യം കോംപ്ലക്സില്‍ നടത്തുന്ന കച്ചവടത്തില്‍ നിന്നും നൂറും ഇരുനൂറും മിച്ചം പിടിച്ച്  തിരുവനന്തപുരം ജില്ലാ ചുമട്ടുതൊഴിലാളി സഹകരണ സംഘത്തില്‍ നിക്ഷേപിച്ച പണം തിരിച്ച് കിട്ടാന്‍ സംഘത്തില്‍ കയറിയിറങ്ങി മടുത്ത തിരുവനന്തപുരം പ്രാവച്ചമ്പലം സ്വദേശിയാണ് അഷ്റഫ്. 

അറുപതിനായിരത്തോളം രൂപയാണ് അഷ്റഫിന്‍റെ  ആകെ നിക്ഷേപം. ഇതിന്‍റെ പകുതി നല്‍കാന്‍ പോലും സംഘത്തിന് ഇപ്പോള്‍ കഴിയില്ലെന്നും ഓണത്തിന് ബോണസ് നല്‍കിയതാണ് പ്രതിസന്ധിക്ക് കാരണമെന്നും സെക്രട്ടറി. ഒന്നരം മാസം സമയം തന്നാല്‍ എല്ലാം ശരിയാക്കാമെന്നും വാഗ്ദാനം. 

കൈതമുക്കില്‍ ജില്ലയിലെ പ്രമുഖ സി.പി.എം നേതാവ് വഞ്ചിയൂര്‍  ബാബുവിന്‍റെ നേതൃത്വത്തിലാണ് സംഘം പ്രവര്‍ത്തിക്കുന്നത്. സി.പി.എം നേതാക്കള്‍ നിയന്ത്രിക്കുന്ന സഹകരണ സ്ഥാപനങ്ങളില്‍ ആവര്‍ത്തിക്കുന്ന ക്രമക്കേടുകളുടെ തുടര്‍ച്ചയാണ് ചുമട്ടുതൊഴിലാളി യൂണിയന്‍ സഹകരണ സംഘത്തിലുണ്ടായ ഈ പ്രതിസന്ധിയുമെന്ന സംശയമാണ് ഉയരുന്നത്. 

ENGLISH SUMMARY:

Investors in Thiruvananthapuram District Laborers Co-operative Society are not getting their money back