TOPICS COVERED

കേരള സര്‍വ്വകലാശാല കാര്യവട്ടം ക്യാംപസില്‍ രാത്രികാല സുരക്ഷ വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ഥികള്‍ അനിശ്ചിതകാല സമരത്തില്‍. ക്യംപസ് ഹോസ്റ്റലില്‍ താമസിക്കുന്ന വിദ്യാര്‍ഥിനികള്‍ക്കെതിരെ അതിക്രമങ്ങളുണ്ടാകുന്ന പശ്ചാത്തലത്തിലാണ് സമരം. വിദ്യാര്‍ഥികളുടെ ആവശ്യങ്ങള്‍ നടപ്പിലാക്കുമെന്ന് സര്‍വ്വകലാശാല അധികൃതര്‍ അറിയിച്ചു. 

എസ്.എഫ്.ഐയുടെ നേതൃത്വത്തിലാണ് രാത്രികാല സുരക്ഷ ആവശ്യപ്പെട്ട് കാര്യവട്ടം ക്യാംപസിലെ വിദ്യാര്‍ഥികളുടെ സമരം. രാത്രിയില്‍ പൊലീസ് പട്രോളിങ് ശക്തിപ്പെടുത്തുക, സര്‍വ്വകലാശാല കവാടത്തിലും റോഡുകളിലും നിരീക്ഷണ ക്യാമറകളും വഴിവിളക്കുകളും സ്ഥാപിക്കുക, ക്യാംപസിലെ സെക്യൂരിറ്റി സംവിധാനം ശക്തിപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളാണ് സമരക്കാര്‍ ഉന്നയിക്കുന്നത്. 

ഓഗസ്റ്റ് 15ന് രാത്രി ക്യാംപസിന് മുന്നിലുള്ള റോഡില്‍ വിദ്യാര്‍ഥിയെ ബൈക്ക് യാത്രികന്‍ കടന്നുപിടിച്ചിരുന്നു. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിച്ചിട്ടും പൊലീസ് നിഷ്ക്രിയമായി തുടരുന്ന പശ്ചാത്തലത്തിലാണ് വിദ്യാര്‍ഥികള്‍ സമരത്തിനിറങ്ങിയിരിക്കുന്നത്. 

സമരത്തിന് മുമ്പുതന്നെ വി.സി ഉദ്യോഗസ്ഥരുടെയും വിദ്യാര്‍ഥി പ്രതിനിധികളുടെയും യോഗം വിളിച്ചുചേര്‍ത്തിരുന്നു.  നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കുന്നതുള്‍പ്പെടേയുള്ള ആവശ്യങ്ങള്‍ ഉടന്‍ നടപ്പിലാക്കാനും യോഗം തീരുമാനിച്ചു. എന്നാല്‍ പ്രഖ്യാപനങ്ങള്‍ മുമ്പും ഉണ്ടായിട്ടുണ്ടെന്നും തീരുമാനങ്ങള്‍ നടപ്പിലാക്കുന്നതുവരെ സമരം തുടരുമെന്നും വിദ്യാര്‍ഥികള്‍ അറിയിച്ചു. 

ENGLISH SUMMARY:

Students are on an indefinite strike demanding increased security at night in the Karivattam campus