തിരുവനന്തപുരം നേമം സർവീസ് സഹകരണ ബാങ്കിൽ അടിമുടി ക്രമക്കേടെന്നു വിജിലൻസ്. ബുധനാഴ്ച നടത്തിയ പരിശോധനയിലാണ് കണ്ടെത്തല്‍. വിശദ റിപ്പോർട് നൽകാൻ ജോയിന്‍റ് റജിസ്ട്രാർക്ക് സഹകരണ മന്ത്രി നിർദേശം നൽകി. മുൻ ഭരണ സമിതിയംഗങ്ങളേയും സെക്രട്ടറിയേയും ഉൾപ്പെടെയുള്ളവരെ സി.പി.എം സസ്പെൻഡു ചെയ്തു.
നിക്ഷേപങ്ങൾക്കുള്ള പലിശ, വായ്പ നൽകിയത്, അതിനായി വാങ്ങിയ ഈട് എന്നിവയിൽ ക്രമക്കേട് നടന്നെന്നാണ് വിജിലൻസ് കണ്ടെത്തൽ. വിജിലൻസ് ഒട്ടേറെ രേഖകൾ പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്. വായ്പ നൽകിയതടക്കമുള്ള പല സുപ്രധാന രേഖകളും നഷ്ടപ്പെട്ടതായും കണ്ടെത്തി.
പണം തിരികെ കിട്ടുന്നില്ലെന്നു ചൂണ്ടിക്കാട്ടി നിക്ഷേപകർ സഹകരണ മന്ത്രി വി.എൻ.വാസവനെ കണ്ടു. വിശദ റിപ്പോർട്ട് നൽകാൻ സഹകരണ റജിസ്ട്രാറെ ചുമതലപ്പെടുത്തി. എത്രയും വേഗം റിപ്പോർട് നൽകണമെന്നാണ് നിർദേശം. അതിനിടെ സി.പി.എം ഏരിയ കമ്മിറ്റി അംഗം പ്രദീപ് ഉൾപ്പെടെ സഹകരണ ബാങ്കിലെ ഭരണസമിതിയിൽ ഉള്ളവരും മുൻ ഭരണാസമിതിക്കാരെയും, ഭാരവാഹികളെയും മുഴുവൻ സിപിഎം നേമം ഏരിയ കമ്മിറ്റി സസ്പെൻഡ് ചെയ്തു. നിക്ഷേപം തിരികെ കിട്ടുന്നില്ലെന്നു കാണിച്ച് നേമം പോലീസിൽ 280 പരാതികളെത്തി.90 എഫ്ഐആറുകളാണ് റജിസ്റ്റർ ചെയ്തത്.