TOPICS COVERED

തിരുവനന്തപുരം നഗരത്തില്‍ കുടിവെള്ള പ്രതിസന്ധി തുടരുന്നു. കുമാരപുരം മുതല്‍ പേട്ടവരെ വെള്ളം കിട്ടിയിട്ട് നാലുദിവസമായി. വെള്ളം കിട്ടാത്തതുകാരണം നഗരത്തില്‍ നിന്നു പലരും വീടടച്ച് ബന്ധു വീടുകളിലേക്ക് മാറി.

എല്ലാം ശരിയാകുമെന്നു പറഞ്ഞ് അധികാരത്തില്‍ വന്നവര്‍ നഗരത്തിലെ ഈ പ്രതിസന്ധിയുടെ ആഴമറിയണം. സ്മാര്‍ട് സിറ്റി പദ്ധതിയുടെ ഭാഗമായി ആല്‍ത്തറ–വഴുതക്കാട് ലൈനില്‍ ഇന്‍റര്‍ കണക്ഷന്‍ നല്‍കുന്നതിന്‍റെ ഭാഗമായിരുന്നു വെള്ളം മുടങ്ങിയത്. ശനിയാഴ്ച പണി തീരുമെന്നാണ് പറഞ്ഞതെങ്കിലും ഞായറാഴ്ച രാത്രിയിലാണ് തീര്‍ന്നത്. പിന്നീട് പമ്പിങ്ങ് തുടങ്ങി. എന്നാല്‍ താഴ്ന്ന പ്രദേശങ്ങളിലാണ് വെള്ളം കിട്ടിയത്. ഉയര്‍ന്ന പ്രദേശങ്ങളില്‍ വെള്ളമെത്തിയില്ല. സെക്രട്ടറിയേറ്റിന്‍റെ മുന്‍വശമായ ഉപ്പളം റോഡുമുതല്‍ പേട്ട, ചാക്ക, കുമാരപുരം, വേളി തുടങ്ങി നഗരത്തിന്‍റെ പ്രധാന ഭാഗങ്ങളിലെല്ലാം നാലു ദിവസമായി വെള്ളം കിട്ടിയിട്ട്. ഇന്നലെ രാത്രിയിലും നൂലുപോലെയാണ് വെള്ളം വന്നത്.

Also Read; തിരുവനന്തപുരം മൃഗശാലയിലെ ഇരുതല മൂരിക്ക് കാന്‍സര്‍; വിദഗ്ധ ചികിത്സ

പമ്പിങ്ങ് തുടങ്ങിയിട്ടും വെള്ളം കിട്ടാത്തതിനു കാരണം എയര്‍ബ്ലോക്കെന്നാണ് വാട്ടര്‍ അതോറിറ്റിയുടെ വിശദീകരണം. എന്നാലത് എവിടെയെന്നു ഇപ്പോഴും വാട്ടര്‍ അതോറിറ്റി കണ്ടെത്തിയിട്ടില്ല. എപ്പോള്‍ വെള്ളം കിട്ടുമെന്ന ചോദ്യത്തിനു എയര്‍ബ്ലോക്ക് കണ്ടെത്തിയാലെ പറയാനാകൂവെന്നു മറുപടി. എപ്പോള്‍ കണ്ടെത്തുമെന്നു നഗരസഭയും ചോദിക്കാത്തതോടെ വിധിയെന്നു കരുതി സമാധാനിക്കാനേ നാട്ടുകാര്‍ക്കു കഴിയൂ.

ENGLISH SUMMARY:

The drinking water crisis in Thiruvananthapuram city continues, with areas from Kumarapuram to Peta experiencing a four-day water shortage. Due to the prolonged lack of water, many residents have closed their homes and temporarily moved to relatives’ houses.