തിരുവനന്തപുരം മാറനല്ലൂരില്‍ അങ്കണവാടിയില്‍വച്ച് വീണ് മൂന്ന് വയസുകാരിക്ക് ഗുരുതര പരുക്കേറ്റ കേസില്‍ രണ്ട് ജീവനക്കാര്‍ക്ക് സസ്പെന്‍ഷന്‍. കുട്ടി വീണത് മറച്ചുവച്ച അങ്കണവാടി വര്‍ക്കര്‍ക്കും ഹെല്‍പര്‍ക്കും എതിരെയാണ് നടപടി. കുട്ടി വീണത് കസേരയില്‍ നിന്നാണെന്ന ജീവനക്കാരുടെ മൊഴിയും കളവാണെന്നാണ് നിഗമനം.
അങ്കണവാടിയില്‍ വച്ച് വീണു പരുക്കേറ്റ മൂന്ന് വയസുകാരി വൈഗ ഇപ്പോഴും ഗുരുതരാവസ്ഥയില്‍ ചികില്‍സയിലാണ്. വ്യാഴാഴ്ച നടന്ന അപകടം മണിക്കൂറുകളോളം മറച്ചുവച്ച് ഗുരുതര അനാസ്ഥ കാണിച്ചെന്ന് ബോധ്യമായതോടെയാണ് രണ്ട് ജീവനക്കാരെ സസ്പെന്‍ഡ് ചെയ്തത്. അങ്കണവാടി വര്‍ക്കര്‍ ശുഭലക്ഷ്മി , ഹെല്‍പര്‍ ലത എന്നിവര്‍ക്കാണ് സസ്പെന്‍ഷന്‍.
കുട്ടി ഛര്‍ദിക്കുന്നത് കണ്ട് ചോദിച്ചപ്പോള്‍ ഇരട്ടസഹോദരന്‍ വൈഷ്ണവാണ് വൈഗ വീണ കാര്യം പറയുന്നത്. ഉച്ചയ്ക്ക് പന്ത്രണ്ടരയ്ക്കാണ് കുട്ടി വീണത്. മാതാപിതാക്കള്‍ വിവരമറിയുന്നത് വൈകിട്ട് അഞ്ചു മണിയോടെ. ആശുപത്രിയില്‍ എത്തിക്കുമ്പോഴേയ്ക്കും കുട്ടിയുടെ തലച്ചോറില്‍ രക്തം കട്ടപിടിച്ചിരുന്നു. അങ്കണവാടി അധികൃതരുടെ അനാസ്ഥയില്‍ നഷ്ടമായത് സുവര്‍ണ മണിക്കൂറുകള്‍.
വീട്ടുകാര്‍ ചോദിച്ചപ്പോള്‍ വീണ കാര്യം പറയാന്‍ മറന്നെന്നായിരുന്നു ജീവനക്കാരുടെ മറുപടി. കുട്ടി കസേരയില്‍ നിന്ന് മറിഞ്ഞു വീണെന്ന ജീവനക്കാരുടെ മൊഴിയും കളവാണെന്നാണ് വിവരം. പൊക്കം കുറഞ്ഞ കസേരയില്‍ നിന്ന് വീണാല്‍ ഇത്രയും ഗുരുതര പരുക്കേല്‍ക്കാന്‍ സാധ്യതയില്ലെന്നതാണ് നിഗമനത്തിന് കാരണം. ഇരട്ടസഹോദരന്‍ മാതാപിതാക്കളോട് പറഞ്ഞത് ജനലില്‍ കയറിനിന്നപ്പോഴാണ് കുട്ടി വീണതെന്നാണ്. ഉയരത്തില്‍ നിന്ന് വീണിരിക്കാമെന്നാണ് ഡോക്ടര്‍മാരുടെ നിഗമനവും. സുഷുമ്ന നാഡിക്ക് പരുക്കേറ്റ കുട്ടി ആന്തരിക രക്തസ്രാവത്തേത്തുടര്‍ന്ന് ഗുരുതരാവസ്ഥയിലാണ്.