തിരുവനന്തപുരം വട്ടിയൂർക്കാവിൽ വികസനത്തിന്‍റെ പേരിൽ കുടിയൊഴിപ്പിക്കപ്പെട്ട വ്യാപാരികളുടെ പുനരധിവാസം എങ്ങുമെത്തിയില്ല. നഷ്ടപരിഹാരം നൽകിയെങ്കിലും വ്യാപാരികൾക്ക് കടമുറി നൽകുമെന്ന വാഗ്ദാനം പാഴായി. ആറ് മാസം മുൻപ് അടിയന്തരമായി ഒഴിപ്പിച്ച കടകൾ പോലും ഇതുവരെ പൊളിച്ചിട്ടില്ല. വട്ടിയൂർക്കാവ് വികസനം വാക്കിലൊതുങ്ങിയോ? മനോരമ ന്യൂസ് നാട്ടുവാർത്ത പരമ്പര പഞ്ചവടി ജങ്ഷൻ.
പൊളിച്ചടുക്കും മുൻപ് പുനരധിവാസം. എന്നതായിരുന്നു വ്യാപാരികളെ ഒഴിപ്പിക്കുന്നതിന് മുൻപ് സർക്കാർ നൽകിയ ഉറപ്പ്! ചിലർ സമരമുഖത്ത് നിന്നപ്പോൾ വികസനപാതയിൽ കട്ടയ്ക്ക് ഒപ്പം നിൽക്കുമെന്ന് എംഎൽഎയും നയം വ്യക്തമാക്കി. എന്നാൽ ഈ ഉറപ്പിന് കീറച്ചാക്കിന്റെ വിലയെ ഉണ്ടായിരുന്നുള്ളുഎന്ന് ചില വ്യാപാരികൾ.
കണ്ണടയും മുൻപ് ഒരു കല്ലിടുന്നത് എങ്കിലും കാണാൻ കഴിയുമോ എന്നാണ് 70 കഴിഞ്ഞവരുടെ ആശങ്ക. ഭക്ഷണപ്രിയർക്ക് വട്ടിയൂർക്കാവിനെ അടയാൾപ്പെടുത്തിയിരുന്ന ജങ്ഷനിലെ ചുക്കിന്റെ കട ഒഴിപ്പിച്ചത് 2 ദിവസം കൊണ്ടാണ്. വികസനം പടിവാതിലിൽ എത്തിയെന്ന് പറഞ്ഞ് ശരവേഗത്തിൽ കടയൊഴിപ്പിച്ചത് എന്തിനാണെന്ന് കടയുടമ ഗോപന് ഇതുവരെയും അറിയില്ല. പദ്ധതിക്കായി പുറമ്പോക്ക് ഒഴികെ 2.31 ഏക്കർ സ്ഥലം ഏറ്റെടുത്തു. ഇതിൽ ഒന്നാം റീച്ച് ഒഴികെ ബാക്കി രണ്ട് റീച്ചുകളും മരിച്ച നിലയിലാണ്