വട്ടിയൂർക്കാവ് വികസന പദ്ധതി വൈകുന്നതിൽ എം.എൽ.എക്കെതിരെ ആരോപണവുമായി കോൺഗ്രസും ബി.ജെ.പിയും... എം.എൽ.എയുടെ ഉറപ്പ് ജനം വിശ്വസിക്കില്ലെന്ന് കോൺഗ്രസ് നേതാവും വട്ടിയൂര്‍ക്കാവ് മുന്‍ എം.എല്‍.എയുമായ കെ.മുരളീധരൻ... എം.എൽ.എ നടത്തുന്നത് സോഷ്യൽ മീഡിയ പ്രചാരണം മാത്രമെന്ന് ബി.ജെ.പിയും കുറ്റപ്പെടുത്തി. പദ്ധതിയുടെ മെല്ലപ്പോക്ക് വിഷയത്തില്‍ പ്രതികരിക്കാനില്ലെന്നായിരുന്നു വട്ടിയൂർക്കാവ് എം.എൽ.എ വി.കെ.പ്രശാന്തിന്‍റെ പ്രതികരണം.
വട്ടിയൂർക്കാവ് വികസനത്തിൽ പുനരധിവാസത്തിന് ശേഷം കുടിയൊഴിപ്പിക്കൽ എന്നായിരുന്നു തീരുമാനം. എന്നാൽ പുനരധിവാസം വൈകുന്നതിനാല്‍ പദ്ധതിയുടെ ഭാവി തന്നെ ഇപ്പോൾ തുലാസിലാണ്. പദ്ധതിയുടെ ഭാഗമായ ഷോപ്പിംഗ് കോപ്ലക്സിന്റെ പ്ലാനും റോഡ് വികസനത്യതിന്റെ യഥാർത്ഥ അലൈൻമെന്റും ഇതുവരെയും പുറത്തുവന്നിട്ടില്ലാത്ത സാഹചര്യത്തിൽ ഇപ്പോ ശരിയാകും ഇപ്പൊ ശരിയാകുമെന്ന് എംഎൽഎ പറയുന്നതിൽ കാര്യമില്ലെന്ന് കോൺഗ്രസ്സ് നേതാവ് കെ മുരളീധരൻ പറഞ്ഞു.
വട്ടിയൂർക്കാവ് എംഎൽഎ സോഷ്യൽ മീഡിയയിലൂടെ നടത്തുന്ന പിആർ വർക്ക് മാത്രമാണ് വികസനമെന്ന് ബിജെപിയും കുറ്റപ്പെടുത്തി. വട്ടിയൂർക്കാവ് വികസന പദ്ധതി ഇപ്പൊ നടക്കും ഇപ്പോ നടക്കുമെന്ന് കേൾക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി. പക്ഷെ ആന കൊടുത്താലും ആശ കൊടുക്കരുതെന്നാണ് എംഎൽഎയോട് നാട്ടുകാർക്ക് പറയാനുള്ളത്. പദ്ധതിക്ക് കിഫ്‌ബി ഫണ്ട് കൈമാറിയെങ്കിലും പുനരധിവാസത്തിനുള്ള തുക അനുവദിക്കാൻ ഇതുവരെയും നടപടിയായില്ല. കടക്കെണിയിൽ നിന്ന് കരകയറുന്ന ധനവകുപ്പ് തന്നെവേണം ട്രിഡക്കും പണം അനുവദിക്കാൻ. ചുരുക്കം പറഞ്ഞാൽ ഉരൽ ചെന്ന് മദ്ദളത്തോട് പരാതി പറയും പോലെയാണ് കാര്യങ്ങൾ. വികസനം കാറ്തിരിക്കുന്നവർക്ക് ഒന്നേ പറയാനുള്ളു. ഒത്ത് പിടിച്ചാൽ വികസനവും പോരും...