തൊണ്ണൂറുകളില്‍ വി.എച്ച്.സി.യില്‍ പ്രവര്‍ത്തിക്കുന്ന കാലം മുതല്‍ ഭക്ഷണം കഴിച്ചിരുന്ന തിരുവനന്തപുരം സെക്രട്ടറിയേറ്റിന് സമീപത്തെ ഗുരുവായൂരപ്പന്‍ ഹോട്ടലില്‍ എത്തിയാണ് ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ വി.നാരായണന്‍ തന്‍റെ രുചിയോര്‍മകള്‍ പുതുക്കിയത്. എ.പി.ജെ അബ്ദുല്‍ കലാം മുതല്‍ നിരവധി ശാസ്ത്ര പ്രതിഭകള്‍ക്ക് രുചി പകര്‍ന്ന പാരമ്പര്യമുള്ള ഹോട്ടലാണിത്.
വന്നിരുന്ന് സുഖിയനും ഇലയടയും ചായയും കഴിക്കുന്നത് ചില്ലറക്കാരനല്ല. ഇന്ത്യയുടെ ബഹിരാകാശ ദൗത്യങ്ങളുടെ തലവന്‍. ഐ.എസ്.ആര്‍.ഓ ചെയര്‍മാന്‍ വി നാരായണന്‍, ഒപ്പം ഭാര്യ കാവിതാ രാജനും. സെക്രട്ടറിയേറ്റിന് സമീപം കഴിഞ്ഞ 49 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന ഗുരുവായരൂപ്പന്‍ ഹോട്ടലുമായുള്ള വി നാരായണന്‍റെ ബന്ധത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്.
തുമ്പ വിക്രം സാരാഭായ് സ്പെയ്സ് സെന്‍ററില്‍ പ്രവര്‍ത്തിച്ച 90 കളില്‍ നാരായണന്‍ താമസിച്ചിരുന്നത് തൊട്ടടുത്തുള്ള ഇന്ദിരാ ഭവനിലായിരുന്നു. മൂന്ന് നേരത്തെ ഭക്ഷണത്തിന് മിക്കപ്പോഴും ആശ്രയം ഹോട്ടലായിരുന്നു. കാലം ഒരുപാട് മുന്നോട്ട് പോയി. ഐ.എസ്.ആര്‍.ഓയുടെ തലവനായി ഉയര്‍ന്നപ്പോഴും ഇവരുടെ വിഭവങ്ങളും രുചിയും അദ്ദേഹം മറന്നില്ല.
വൈകിട്ട് വിവിധ തരം കഞ്ഞികളാണ് ഗുരുവായൂരപ്പന്‍ ഹോട്ടലിലെ ഹോട്ട് ഫേവറിറ്റ്. വി നാരായണന്‍റെയും. താമസിച്ചിരുന്ന ഇന്ദിരാഭാവനലെ മുറിയും സന്ദര്‍ശിച്ചാണ് വി നാരായണനും ഭാര്യയും മടങ്ങിയത്. എ.പി.ജെ അബ്ദുല്‍ കലാം തൊട്ട് നിരവധി ശാസ്ത്ര പ്രതിഭകളുടെ താമസ സ്ഥലമായിരുന്നു ഇന്ദിരാഭവന്‍. അതിനാല്‍ അവര്‍ക്കൊക്കെ രുചി പകരാന്‍ ഗുരുവായൂരപ്പന്‍ ഹോട്ടലിന് ഭാഗ്യം ലഭിച്ചു. ആ പാരമ്പ്യം ഇപ്പോഴും തുടരുന്നു.