ആറ്റുകാല്‍ പൊങ്കാലയുടെ മറവില്‍ മോഷണസംഘങ്ങള്‍ തിരുവനന്തപുരത്ത് തമ്പടിക്കുന്നു. കരമന നെടുങ്കാട് വയോധികയെ കത്തി മുനയില്‍ നിര്‍ത്തി സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നു. യുവതിയടങ്ങിയ സംഘത്തെ മണിക്കൂറുകള്‍ക്കുള്ളില്‍ പൊലീസ് പിടികൂടി. ക്ഷേത്രത്തിലെത്തുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് പൊലീസ് മുന്നറിയിപ്പ് നല്‍കി.
ഞായറാഴ്ച വൈകിട്ട് ആറ്റുകാല്‍ ക്ഷേത്രത്തിനുള്ളില്‍ നടന്ന മോഷണമാണിത്. ദര്‍ശനത്തിന് കാത്ത് നിന്ന് അച്ഛന്‍റെ കയ്യിലിരുന്ന കുട്ടിയുടെ കാത്തള അടുച്ചുമാറ്റി മുങ്ങുന്ന മോഷ്ടാവ്. ഇരുപത്തി നാല് മണിക്കൂര്‍ തികയും മുന്‍പ് കൊല്ലം പത്തനാപുരംക്കാരന്‍ സുരേഷ് ബാബു പിടിയില്‍. തൊട്ടടുത്ത ദിവസം അടുത്ത മോഷണം. ഇരയായത് നെടുങ്കാട് സ്വദേശികളായ വയോധികര്‍. നാല് പവന്‍ സ്വര്‍ണവുമായി മുങ്ങിയ സംഘം കൃത്യമായി കാമറയില്‍ കുടുങ്ങി. 12 മണിക്കൂര്‍ തികയും മുന്‍പ് കിള്ളിപ്പാലം സ്വദേശികളായ അജിത്, അനീഷ്, കാര്‍ത്തിക എന്നിവരെ തിരുവനന്തപുരം സിറ്റി ഷാഡോ സംഘവും കരമന പൊലീസും ചേര്‍ന്ന് പൊക്കി. വിവിധയിടങ്ങളില്‍ നിന്ന് നൂറു കണക്കിന് വിശ്വാസികളെത്തുന്ന പൊങ്കാലക്കാലമായതോടെ മോഷണസംഘങ്ങളുമെത്തിയെന്നതിന്‍റെ സൂചനയാണ് ആവര്‍ത്തിക്കുന്ന കവര്‍ച്ചകള്‍.
കഴിഞ്ഞ വര്‍ഷം പൊങ്കാല ദിനം പത്തിലധികം പോക്കറ്റടിക്കേസാണുണ്ടായത്. ഇത്തവണ അത് ആവര്‍ത്തിക്കാതിരിക്കാനുള്ള മുന്നൊരുക്കത്തിലാണ് പൊലീസ്. സ്ഥിരം പോക്കറ്റടിക്കാരുടെ ചിത്രം പ്രദര്‍ശിപ്പിച്ചു. ക്ഷേത്രപരിസരവും റോഡും സി.സി.ടി.വി നിരീക്ഷണത്തിലാക്കി. കണ്‍ട്രോള്‍ റൂമും മഫ്തിയില്‍ ഒട്ടേറെ പൊലീസും. അതുകൊണ്ടാണ് രണ്ട് മോഷണത്തിലും പ്രതികളെ ഉടനടി കുടുങ്ങിയത്. എങ്കിലും ക്ഷേത്രത്തിലെത്തുന്നവര്‍ സ്വയം സൂക്ഷിക്കുകയാണ് ആദ്യ പ്രതിരോധം.