തിരുവനന്തപുരം നഗരത്തിലെ 56 വാര്‍ഡുകളില്‍ നാളെ മുതല്‍ നാലാം തീയതി വരെ കുടിവെള്ള വിതരണം മുടങ്ങും. കരമനയിലെ ട്രാന്‍സ്മിഷന്‍ മെയിനിന്‍റെ അലൈന്‍മെന്‍റ് മാറ്റിയിടുന്നതുള്‍പ്പെടെയുള്ള പ്രവൃത്തികള്‍ നടക്കുന്നതിലാണ് വെള്ളം മുടങ്ങുന്നത്. 100 സ്വകാര്യ ടാങ്കറുകള്‍ വഴി ജല ലഭ്യത ഉറപ്പുവരുത്തുന്നതിനു നടപടികള്‍ സ്വീകരിച്ചതായി കോര്‍പറേഷന്‍ അറിയിച്ചു.
ജല അതോറിറ്റിയുടെ അരുവിക്കര പ്ലാന്‍റില്‍ നിന്നു ഐരാണിമുട്ടത്തേക്കു പോകുന്ന പൈപ്പിലെ ബട്ടര്‍ഫ്ലൈ വാള്‍വ് മാററുന്നതും, തിരുവനന്തപുരം –നാഗര്‍കോവില്‍ റെയില്‍വേ പാത ഇരട്ടിപ്പിക്കലുമായി ബന്ധപ്പെട്ട് ട്രാന്‍സ് മിഷന്‍ മെയിനിന്‍റെ അലൈന്‍മെന്‍റ് മാറ്റിയിടുന്നതും ഉള്‍പ്പെടെയുള്ള പ്രവൃത്തികള്‍ കാരണമാണ് മൂന്നു ദിവസം ജലവിതരണം മുടങ്ങുന്നത്. അരുവിക്കരയിലെ 74 എം.എല്‍.ഡി ശുദ്ധീകരണ ശാല പൂര്‍ണമായും പ്രവൃത്തി നിര്‍ത്തിവെയ്ക്കും. ഇതോടെയാണ് കോര്‍പറേഷനിലെ 56 വാര്‍ഡുകളിലേയും സമീപ പഞ്ചായത്തായ കല്ലിയൂരിലേയും ജലവിതരണം മുടങ്ങുന്നത്. കാഞ്ഞിരംപാറ മുതല്‍ തിരുവല്ലം വരെയുള്ള വാര്‍ഡുകളിലാണ് ജലവിതരണം പൂര്‍ണമായും മുടങ്ങുന്നത്. പകരം സംവിധാനം ഏര്‍പ്പെടുത്തിയെന്നാണ് കോര്‍പറേഷന്‍ അറിയിക്കുന്നത്. 100 സ്വകാര്യ ടാങ്കറുവഴി വെള്ളം വിതരണം ചെയ്യും. ജലക്ഷാമം ഉള്ളവര്‍ കോര്‍പറേഷനിലെ കോള്‍ സെന്‍ററില്‍ വിളിക്കാം. സുജന സുലഭത്തില്‍ വിളിച്ചു ടങ്കര്‍ ബുക്ക് ചെയ്യാനും സവിധാനമുണ്ടായിരിക്കുമെന്നു കോര്‍പറേഷന്‍ സെക്രട്ടറി എസ്.ജഹാംഗിര്‍ അറിയിച്ചു.