കൊല്ലം ട്രിനിറ്റി സ്കൂള്‍ വിദ്യാര്‍ഥിനി ഗൗരി നേഘയുടെ മരണത്തില്‍ അധ്യാപികയ്ക്കെതിരെ ആരോപണവുമായി പിതാവ്. ഒൻപതാം ക്ലാസ് മുതൽ മകളെ അധ്യാപിക ക്രസന്റ്് മാനസികമായി പീഡിപ്പിച്ചിരുന്നെന്നും പൊതുപരീക്ഷ എഴുതിക്കില്ലെന്ന് ഭീഷണിപ്പെടുത്തിയിരുന്നതായും പിതാവ് പ്രസന്നകുമാർ മനോരമ ന്യൂസിനോട് വെളിപ്പെടുത്തി. പ്രിന്‍സിപ്പലിനെയും മാനേജ്മെന്റിനെയും കേസില്‍ പ്രതി ചേര്‍ക്കണമെന്നും പ്രസന്നകുമാര്‍ ആവശ്യപ്പെട്ടു.
പത്താം ക്ലാസ് വിദ്യാർഥിനി ഗൗരി നേഹയുടെ മരണത്തിൽ അധ്യാപിക ക്രസന്റിനെ പ്രതിക്കൂട്ടിലാക്കിയാണ് പിതാവ് പ്രസന്നകുമാറിന്റെ വെളിപ്പെടുത്തൽ. ഒന്‍പതാം ക്ലാസ് മുതല്‍ അധ്യാപിക ക്രസന്റ് ഗൗരിയെ മാസികമായി പീഡിപ്പിച്ചിരുന്നു. ഇന്റേണല്‍ മാര്‍ക്ക് നല്‍കില്ലെന്നും പൊതുപരീക്ഷ എഴുതിക്കില്ലെന്നും ഭീഷണിപ്പെടുത്തി. ക്രസന്റിന്റെ അടുത്ത് ട്യൂഷന് പോകാത്തതില്‍ ഗൗരിയോട് വൈരാഗ്യമുണ്ടായിരുന്നുവെന്നും പിതാവ് പ്രസന്നകുമാര്‍ മനോരമ ന്യൂസിനോട്പറഞ്ഞു.
നല്ല മനക്കട്ടിയുള്ള മകൾ ആത്മഹത്യചെയ്യില്ല. കുട്ടി കെട്ടിടത്തിന് മുകളിൽ നിന്ന് ചാടിയെന്നതിനെപ്പറ്റി അന്വേഷണം വേണം. അധ്യാപികമാർ മാത്രമല്ല പ്രിൻസിപ്പലും മാനജ്മെന്റും ഉത്തരവാദികളാണെന്നും പ്രസന്നകുമാർ പറഞ്ഞു.
ആദ്യം ആശുപത്രിയിലെത്തിക്കുമ്പോൾ മകൾ സംസാരിച്ചതാണ്. സ്കൂളിന്റെ തന്നെ നിയന്ത്രണത്തിലുള്ള ആശുപത്രിയിൽ കുട്ടി അബോധവസ്ഥയിലേക്ക് പോയത് ദൂരുഹമാണ്. ഇതെപ്പറ്റി അന്വേഷിക്കണമെന്നും കുട്ടിയുടെ കുടംബം ആവശ്യപ്പെടുന്നു.കുട്ടിയേ ആദ്യം ചികിൽസിച്ച ബെൻസിഗർ ആശുപത്രിയിലെ രേഖകൾ പൊലീസ് പിടിച്ചെടുത്തിരുന്നു.