തിരുവനന്തപുരം വിഴിഞ്ഞത്ത് രണ്ട് ക്ഷേത്രങ്ങളിലുൾപ്പെടെ മൂന്നിടങ്ങളിൽ മോഷണം. പുന്നകുളത്തെയും മുല്ലൂരിലെയും ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിന്റെ ഓഫീസ് കുത്തിത്തുറന്ന് തൊണ്ണൂറായിരം രൂപ കവർന്നു. മോഷ്ടാവിന്റേതെന്ന് സംശയിക്കുന്ന സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു.
പുന്നകുളം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലും മുല്ലൂർ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലും പുലർച്ചെ ഒരു മണിയോടെയാണ് മോഷണം നടന്നത്. ക്ഷേത്രത്തിന് സമീപത്തെ കമ്മിറ്റി ഓഫീസിൽ സൂക്ഷിച്ചിരുന്ന പണമാണ് നഷ്ടമായത്. പുന്നകുളം ക്ഷേത്രത്തിൽ നിന്ന് അറുപതിനായിരവും മുല്ലൂരിൽ നിന്ന് മുപ്പതിനായിരം രൂപയും മോഷണം പോയി. പുലർച്ചെ നാല് മണിയോടെ ക്ഷേത്രത്തിലെത്തിയവരാണ് ഓഫീസ് തുറന്ന് കിടക്കുന്നത് കണ്ടത്.
ക്ഷേത്രത്തിന് സമീപത്തുള്ള ബേക്കറിയിലും മോഷണശ്രമം നടന്നിട്ടുണ്ട്. കടയ്ക്കുള്ളിൽ മോഷ്ടാവ് കയറിയെങ്കിലും യാതൊന്നും നഷ്ടമായിട്ടില്ല. ഈ കടയിൽ കയറിയയാളുടെ സി.സി.ടി.വി ദൃശ്യങ്ങളാണ് പൊലീസിന് ലഭിച്ചത്.
ബേക്കറിയിൽ മോഷ്ടാവ് കയറിയത് പുലർച്ചെ മൂന്ന് മണിക്ക് ശേഷവും ക്ഷേത്രങ്ങളിൽ ഒരു മണിക്ക് ശേഷവുമാണ്. അതുകൊണ്ട് തന്നെ ഒരാൾ തന്നെയാവും മൂന്നിടത്തുമെത്തിയതെന്നാണ് കരുതുന്നത്. ഒന്നിലേറെ കേസിൽ പ്രതിയായിട്ടുള്ള വിഴിഞ്ഞം മുക്കോല സ്വദേശിയാണ് ദൃശ്യങ്ങളിലെന്നാണ് പൊലീസ് സംശയിക്കുന്നത്. ഇയാൾക്കായി തിരച്ചിൽ ശക്തമാക്കി.