കണ്ണൂർ∙ മോഹൻലാലിനോട് ആരാധന മൂത്ത് ‘വില്ലൻ’ ആദ്യഷോ കാണാൻ കൊച്ചുവെളുപ്പിനെ തീയറ്ററിലെത്തിയ യുവാവ് ആവേശം കൂടി മൊബൈൽ ക്യാമറ ഓൺ ചെയ്തു കുടുങ്ങി. പുതിയ പടത്തിലെ സ്റ്റണ്ട് രംഗങ്ങൾ മൊബൈലിൽ പകർത്തുന്നതു കണ്ടു വിതരണക്കാരുടെ പ്രതിനിധി പൊലീസിനെ അറിയിക്കുകയായിരുന്നു. മലയോരമേഖലയായ ചെമ്പന്തൊട്ടിയിൽ നിന്നുള്ള 33 കാരനായ വർക്ക്ഷോപ്പ് ജീവനക്കാരനാണു കുടുങ്ങിയത്.
മോഹൻലാലിനെ നായകനാക്കി ബി.ഉണ്ണിക്കൃഷ്ണൻ സംവിധാനം ചെയ്ത ‘വില്ലൻ’ പടം ഇന്നാണു റിലീസ്. രാവിലെ എട്ടിനു കണ്ണൂർ സവിത തിയറ്ററിൽ ഫാൻസ് ഷോ ഏർപ്പാടാക്കിയിരുന്നു. നാനൂറോളം സീറ്റുള്ള തിയറ്ററിലെ എല്ലാ ടിക്കറ്റുകളും ഫാൻസുകാർ മുൻകൂട്ടി വാങ്ങിയാണു പ്രദർശനമൊരുക്കിയത്. അതിനിടയിലാണു യുവാവു സ്റ്റണ്ട് രംഗത്തിൽ ആവേശം മൂത്തു മൊബൈലിൽ പകർത്തിയത്. പടം വിതരണം ചെയ്യുന്ന മാക്സ് ലാബിന്റെ പ്രതിനിധി കയ്യോടെ പിടിച്ചു പൊലീസിനെ ഏൽപ്പിച്ചു.
ചെമ്പന്തൊട്ടിയിൽ നിന്നു പുലർച്ചെ പുറപ്പെട്ടാണു യുവാവു നഗരത്തിലെത്തിയത്. ആരാധനയും ആവേശവും മൂത്തു ചെയ്തു പോയതാണെന്നും, പടം ചോർത്താനോ വ്യാജപകർപ്പുണ്ടാക്കാനോ ഒന്നും യുവാവിനു പരിപാടിയുണ്ടായിരുന്നില്ലെന്നുമാണു പൊലീസിന്റെ നിഗമനം.
Advertisement