ems-namboodiripad-s-son-sas

കമ്യൂണിസ്‌റ്റ്‌ ആചാര്യനും കേരളത്തിന്റെ ആദ്യ മുഖ്യമന്ത്രിയുമായ ഇഎംഎസിന്റെ ഇളയ മകൻ എസ്.ശശി (67) മുംബൈയിൽ അന്തരിച്ചു. മകൾ അപർണയുടെ വീട്ടിൽ കുഴഞ്ഞുവീഴുകയായിരുന്നു. ആശുപത്രിയിൽ എത്തും മുൻപേ മരണം സംഭവിച്ചു. ദേശാഭിമാനി ചീഫ്‌ അക്കൗണ്ട്‌സ്‌ മാനേജരായിരുന്നു. തിരുവനന്തപുരം ജനറൽ മാനേജർ ഓഫിസ്‌ കേന്ദ്രീകരിച്ചായിരുന്നു പ്രവർത്തനം. കേരളത്തിലെ എല്ലാ യൂണിറ്റുകളുടെയും ചുമതല വഹിച്ചിരുന്നു. 2000ൽ തൃശൂരിൽ ദേശാഭിമാനി യൂണിറ്റ്‌ ആരംഭിച്ചശേഷം തൃശൂരിലേക്ക്‌ താമസം മാറ്റി. 

 

ഇഎംഎസിനൊപ്പം ഏറെക്കാലം ഡൽഹിയിലായിരുന്നു താമസം. സിപിഎം ദേശാഭിമാനി മാനേജ്‌മെന്റ്‌ ബ്രാഞ്ച്‌ അംഗമായിരുന്നു.ദേശാഭിമാനി ഡപ്യൂട്ടി മാനേജരായിരുന്ന കെ.എസ്‌.ഗിരിജയാണ്‌ ഭാര്യ. മക്കൾ: അനുപമ, അപർണ. മരുമക്കൾ: എ.എം.ജിഗീഷ്‌ (സ്‌പെഷ്യൽ കറസ്‌പോണ്ടന്റ്, ദ് ഹിന്ദു, ഡൽഹി‌), രാജേഷ്‌ ജെ.വർമ. പരേതയായ ആര്യ അന്തര്‍ജനമാണ് അമ്മ. ഡോ. മാലതി, പരേതനായ ഇ.എം.ശ്രീധരന്‍, ഇ.എം.രാധ (വനിതാ കമ്മിഷന്‍ അംഗം) എന്നിവരാണ് സഹോദരങ്ങള്‍. മുഖ്യമന്ത്രി അനുശോചിച്ചു എസ്.ശശിയുടെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തി.