kseb-electricity-15

സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയ വൈദ്യുതി നിയന്ത്രണം ഇന്നും തുടരും. ദേശീയ ഗ്രിഡില്‍ നിന്ന് ഇന്നും അഞ്ഞൂറുമെഗാവാട്ട് വൈദ്യുതിയുടെ കുറവ് പ്രതീക്ഷിക്കുന്നു. രണ്ടുദിവസത്തിനുള്ളില്‍ ആന്ധ്രയില്‍ നിന്ന് ഇരുനൂറ് മെഗാവാട്ട് വൈദ്യുതി എത്തിക്കുന്നതോടെ നിയന്ത്രണം പിന്‍വലിക്കാനാകുമെന്നാണ് കെ.എസ്.ഇ.ബിയുടെ പ്രതീക്ഷ.

 

ദേശീയ ഗ്രിഡില്‍ നിന്നുളള വൈദ്യുതി ലഭ്യതയില്‍ നാനൂറുമുതല്‍ അഞ്ഞൂറുവരെ മെഗാവാട്ട് വൈദ്യുതിയുടെ കുറവാണ് അനുഭവപ്പെടുന്നത്. വൈകിട്ട് 6.30 മുതല്‍ 11.30 വരെ 4580 മെഗാവാട്ട് വരെ വൈദ്യുതി ആവശ്യമാണ്. ഇത് നാലായിരമായി കുറഞ്ഞതോടെയാണ് ഇന്നലെ പതിനഞ്ചുമിനിറ്റ് വൈദ്യുത നിയന്ത്രണം ഏര്‍പ്പെടുത്തിയത്. നഗരപ്രദേശങ്ങളെയും ആശുപത്രി, പമ്പ് ഹൗസ് തുടങ്ങിയ അവശ്യസേവനങ്ങളെയും നിയന്ത്രണത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇന്നും സ്ഥിതിയില്‍ മാറ്റമുണ്ടാകാനിടയില്ല. 200 മെഗാവാട്ട് വൈദ്യുതി ആന്ധ്രയിലെ സെംബ്കോഡ് നിലയത്തില്‍ നിന്ന് കൊണ്ടുവരാന്‍ ശ്രമിക്കുന്നുണ്ട്. രണ്ടുദിവസത്തിനകം ലഭ്യമാകുമെന്നാണ് പ്രതീക്ഷ.  കോഴിക്കോട് താപവൈദ്യുത നിലയം പ്രവര്‍ത്തിച്ചുതുടങ്ങുതോടെ  സാധാരണ നില കൈവരുമെന്നാണ് ബോര്‍ഡിന്റെ പ്രതീക്ഷ.

 

വൈദ്യുതിയുടെ വാങ്ങൽ വിലയും കൂടുന്നു.പവർ എക്സ്ചേഞ്ചിൽ പരമാവധി വിലയായ യൂണിറ്റിനു 12 രൂപ നൽകിയാൽ പോലും സംസ്ഥാനങ്ങളുടെ ആവശ്യത്തിന് അനുസരിച്ചു വൈദ്യുതി ലഭിക്കുന്നില്ല. പൊതുമേഖലാ സ്ഥാപനമായ കോൾ ഇന്ത്യ ലിമിറ്റഡിന്റെ കൽക്കരി ഉൽപാദനം സർവകാല റെക്കോർഡ് രേഖപ്പെടുത്തിയിട്ടും വൈദ്യുതി നിലയങ്ങളിലെ കൽക്കരി ശേഖരം മെച്ചപ്പെടുത്താൻ സാധിച്ചിട്ടില്ല.ഈമാസം മാത്രം 27% ഉൽപാദനവർധന കോൾ ഇന്ത്യ കൈവരിച്ചു.എന്നാൽ ഇറക്കുമതി കൽക്കരിയുടെ വില കൂടിയത് തിരിച്ചടിയാണ്. നിലവില്‍ ബിഹാർ,പശ്ചിമ ബംഗാൾ, ഉത്തർ പ്രദേശ്, ഹരിയാന, ജാർഖണ്ഡ്, പഞ്ചാബ്, ആന്ധ്ര പ്രദേശ്, മഹാരാഷ്ട്ര, ഗുജറാത്ത് തുടങ്ങിയ 14 സംസ്ഥാനങ്ങളില്‍ ഒരുമണിക്കൂറോ അതിലേറെയോ ലോഡ് ഷെഡിങ്  ഏര്‍പ്പെടുത്തിയിട്ടുണ്ട്.