തൃക്കാക്കരയിലെ എൽ.ഡി.എഫ് സ്ഥാനാർഥി ജോ ജോസഫിന്റെ വ്യാജ വീഡിയോ പ്രചരിപ്പിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ. പാലക്കാട് കൊഴിഞ്ഞാമ്പാറ സ്വദേശി ശിവദാസൻ , പട്ടാമ്പി സ്വദേശി ഷുക്കൂർ എന്നിവരാണ് പിടിയിലായത് . പ്രതികളെ തൃക്കാക്കര പൊലീസിന് കൈമാറും. ഇരുവരും യൂത്ത് കോൺഗ്രസ് മുൻ മണ്ഡലം ഭാരവാഹികളായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.
വ്യാജ സമൂഹ മാധ്യമ അക്കൗണ്ടുകൾവഴി വീഡിയോ പ്രചരിപ്പിച്ച മൂന്നുപേരെക്കൂടി കണ്ടെത്തിയിട്ടുണ്ട്. ഇവരുടെ അറസ്റ്റ് ഉടനെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ സി.എച്ച്. നാഗരാജു പറഞ്ഞു. എൽ.ഡി.എഫ് സ്ഥാനാർഥിക്കെതിരെ വ്യാജ പ്രചാരണം നടക്കുന്നുവെന്ന് എം.സ്വരാജ് നൽകിയ പരാതിയിലാണ് കൊച്ചി സിറ്റി പൊലീസ് സൈബർ സെല്ലിന്റെ സഹായത്തോടെ വിപുലമായ പരിശോധന നടത്തിയത്. സമൂഹമാധ്യമത്തിൽ മൂന്ന് വ്യാജ അക്കൗണ്ടുകൾ ഉണ്ടാക്കിയാണ് വീഡിയോ പ്രചരിപ്പിച്ചത്.
പിടിക്കപ്പെടാതിരിക്കാൻ ഇന്റർനെറ്റ് തിരിച്ചറിയൽ വിവരങ്ങൾ മറയ്ക്കാനുള്ള വി.പി.എൻ സംവിധാനം ഉപയോഗിച്ചിരുന്നു. വീഡിയോ പ്രചരിപ്പിച്ചശേഷം അക്കൗണ്ടുകൾ ഡിലീറ്റ് ചെയ്തു. സൈബർ വിദഗ്ധരുടെ സഹായത്തോടെ പ്രതികളുടെ സമൂഹ മാധ്യമ ഇടപെടലുകൾ കണ്ടെത്തിയാണ് പ്രതികളെ തിരിച്ചറിഞ്ഞത്.