cyrus-mystri

പ്രമുഖ വ്യവസായിയും ടാറ്റാ സൺസ് മുൻ ചെയർമാനുമായ സൈറസ് മിസ്ത്രി മുംബൈയിൽ വാഹനാപകടത്തിൽ മരിച്ചു. 54 വയസ്സായിരുന്നു. മുംബൈ-അഹമ്മദാബാദ് ദേശീയപാതയിലെ പാൽഘറിലുണ്ടായ അപകടത്തിൽ മറ്റു രണ്ടുപേർക്ക് ഗുരുതരമായി പരുക്കേറ്റു. ഷപൂർജി പല്ലോൻജി വ്യവസായ ഗ്രൂപ്പിന്‍റെ ഉടമകളിലൊരാളാണ് സൈറസ് മിസ്ത്രി. അപകടകാരണം പരിശോധിച്ചു വരികയാണെന്ന് പൊലീസ് വ്യക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്രമോദിയടക്കം പ്രമുഖര്‍ അനുശോചിച്ചു.  

ഉച്ചയ്ക്കുശേഷം 3.15നായിരുന്നു അപകടം. സൂര്യ നദിക്ക് കുറുകെയുള്ള ചറോത്തി പാലത്തിൽ വച്ച് സൈറസ് മിസ്ത്രി സഞ്ചരിച്ച വാഹനം ഡിവൈഡറിൽ ഇടിച്ചു. അപകടത്തില്‍ കാറിന്‍റെ മുന്‍ഭാഗം പൂര്‍ണമയി തകര്‍ന്നു. കാറിലുണ്ടായിരുന്ന മറ്റു രണ്ടുപേർക്കും ഗുരുതര പരുക്കേറ്റു. സപുർജി പല്ലോൻജി ഗ്രൂപ്പിന്‍റെ മേധാവിയും നാലുവർഷം ടാറ്റ ഗ്രൂപ്പിന്‍റെ ചെയർമാനുമായിരുന്നു സൈറസ് മിസ്ത്രി.  2012 ഡിസംബറിൽ രത്തൻ ടാറ്റയുടെ പിൻഗാമിയാണ് സൈറസ് മിസ്ത്രി ടാറ്റാ ഗ്രൂപ്പിന്‍റെ തലപ്പത്ത് എത്തിയത്. പദവിയിൽ നാലുവർഷം തികയ്ക്കുന്നതിന് മുൻപേ പുറത്തുപോകേണ്ടി വന്നു. ടാറ്റാ സൺസ് ബോർഡ് യോഗം ചേർന്ന് പുറത്താക്കാൻ 2016ൽ തീരുമാനമെടുത്തു. വലിയ നിയമ പോരാട്ടം നടത്തിയെങ്കിലും കോടതിയും സൈറസ് മിസ്ത്രിയെ കൈവിട്ടു. ലാഭത്തിൽ മാത്രം കേന്ദ്രീകരിച്ചുള്ള പ്രവർത്തനമാണ് ടാറ്റ ബോർഡിന്‍റെ അനിഷ്ടത്തിന് ഇടയാക്കിയത് എന്ന സൂചനയുണ്ടായിരുന്നു. ടാറ്റ ഗ്രൂപ്പിലെ മിക്ക കമ്പനികളിലും പ്രതീക്ഷിച്ച നേട്ടവും ഉണ്ടാക്കിയിരുന്നില്ല. ഉയർന്ന ലാഭം ഉണ്ടാക്കാവുന്ന മുഖ്യ ബിസിനസുകൾ ശ്രദ്ധേയൂന്നാനും മറ്റുള്ളവ കയ്യൊഴിയാനുള്ള നീക്കവും വിമർശിക്കപ്പെട്ടിരുന്നു.