സർവർ ഹാക്ക് ചെയ്ത് മഞ്ചേരി അർബൻ ബാങ്കിൽ നിന്ന് 70ലക്ഷം രൂപ തട്ടിയെടുത്തതിനു പിന്നിൽ വൻ ആസൂത്രണം നടന്നിട്ടുണ്ടെന്ന് കണ്ടെത്തൽ. ഓൺലൈൻ ഇടപാടുകളില്ലാത്ത അക്കൗണ്ട് ഉടമകളെ നോട്ടമിട്ടായിരുന്നു തട്ടിപ്പ്.
ബാങ്കിന്റെ അക്കൗണ്ട് ഹാക്ക് ചെയ്ത് ആഴ്ചകൾ നിരീക്ഷിച്ച ശേഷമാണ് പണം തട്ടിയതെന്നാണ് നിഗമനം. അവധി ദിവസമായിരുന്ന ഓഗസ്റ്റ് 13, 14, 15 ദിവസങ്ങളിലായാണ് 4 പേരുടെ അക്കൗണ്ടുകളിൽ നിന്നായി 70 ലക്ഷം രൂപ നഷ്ടമായത്. വലിയ തുക ബാങ്കിൽ നിക്ഷേപമുള്ള ഓൺലൈൻ ഇടപാടുകൾ നടത്താത്ത അക്കൗണ്ട് ഉടമകളെ കണ്ടെത്തിയായിരുന്നു പണം തട്ടിപ്പുകാരുടെ പേരിലെടുത്ത വ്യാജ അക്കൗണ്ടുകളിലേക്ക് മാറ്റിയത്.
അർബൻ ബാങ്കിന്റെ സാങ്കേതിക വിവരങ്ങൾ ക്യത്യമായി അറിയുന്ന ആരോ സഹായിച്ചിട്ടുണ്ടെന്ന് അറസ്റ്റിലായ നൈജീരിയക്കാർ മൊഴി നൽകിയിട്ടുണ്ട്. വിശദമായ അന്വേഷണത്തിനായി ബാങ്കിങ് വൈദഗ്ധ്യമുള്ളവർ അടങ്ങുന്ന മറ്റൊരു അന്വേഷണ സംഘവും ഉടൻ ഡൽഹിയിലേക്ക് പോവുന്നുണ്ട്. പിന്നാലെ ആസൂത്രണത്തിന് നേതൃത്വം നൽകിയ കൂടുതൽ പേർ പിടിയിലാകുമെന്നാണ് സൂചന.