vijin-drug-case

പഴം ഇറക്കുമതിയുടെ മറവില്‍ 1,476 കോടി രൂപയുടെ ലഹരിക്കടത്ത് നടത്തിയ മലയാളി വിജിന്‍ വര്‍ഗീസ് മറ്റൊരു വന്‍ ലഹരിക്കടത്തില്‍ പിടിയില്‍. 502 കോടി രൂപയുടെ കൊക്കെയിന്‍ സമാനമായ രീതിയില്‍ കടത്തിയതിന് മുംബൈയില്‍ ഡിആര്‍െഎയാണ് അറസ്റ്റുചെയ്തത്. അതിനിടെ, ഗുജറാത്ത് തീരത്ത് 350 കോടി രൂപയുടെ ഹെറോയിനുമായി പാക് ബോട്ട് പിടിച്ചെടുത്തു. ആറുപേര്‍ കസ്റ്റഡിയിലാണ്.  

 

ദക്ഷിണാഫ്രിക്കയില്‍ നിന്ന് ഗ്രീന്‍ ആപ്പിള്‍ ഇറക്കുമതിയുടെ മറവില്‍ 50.2 കിലോ കൊക്കെയിന്‍ കടത്തിയതിനാണ് അങ്കമാലി സ്വദേശി വിജിന്‍ വര്‍ഗീസ് രണ്ടാമതും അറസ്റ്റിലായത്. 1000 പെട്ടികളിലായാണ് 502 കോടി രൂപ വിലമതിക്കുന്ന കൊക്കെയിന്‍ നവിമുംബൈ തുറമുഖത്ത് എത്തിയത്. ഒാറഞ്ച് ഇറക്കുമതിയുടെ മറവില്‍ 1476 കോടി രൂപയുടെ ലഹരിമരുന്ന് കടത്താന്‍ ശ്രമിച്ചതിന് വിജിന്‍ ഈ മാസം 2ന് അറസ്റ്റിലായിരുന്നു. 

 

വിജിന്‍റെ കമ്പനി യുമ്മിറ്റോ ഇന്‍റര്‍നാഷനല്‍ ഫുഡ്സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് പങ്കാളി മന്‍സൂര്‍ തച്ചപറമ്പന്‍റെ മോര്‍ ഫ്രഷ് എക്സ്പോര്‍ട്ട് എന്ന കമ്പനിയുമായി ചേര്‍ന്നാണ് രണ്ടാമത്തെ കേസിലും പഴം ഇറക്കുമതിക്ക് ഒാര്‍ഡര്‍ നല്‍കിയത്. പരിശോധനകള്‍ ഒഴിവാക്കാന്‍ പര്‍ച്ചേസ് ഒാര്‍ഡറുകളോ രേഖകളോ ഇല്ലാതെ വാട്സാപ്പ് വഴി ഒാര്‍ഡര്‍ നല്‍കിയാണ് വ്യപാരം. അതിനിടെ തീരസംരക്ഷണസേനയും ഗുജറാത്ത് ഭീകരവിരുദ്ധസംഘവും സംയുക്തമായി നടത്തിയ പരിശോധനയിലാണ് 50 കിലോ ഹെറോയിനുമായി പാക് ബോട്ട് അല്‍ സക്കര്‍ പിടിച്ചെടുത്തത്. രാജ്യാന്തര സമുദ്രാതിര്‍ത്തിക്ക് സമീപം പുലര്‍ച്ചെയാണ് പിടികൂടിയത്. കൂടുതല്‍ പരിശോധനകള്‍ക്കായി ജഖൗവിലേയ്ക്ക് കൊണ്ട് പോയി.