കൊല്ലം കിളികൊല്ലൂരില്‍ സഹോദരങ്ങളെ മര്‍ദിച്ചെന്ന പരാതിയില്‍ എസ്. എച്ച്.ഒ ഉള്‍പ്പെടെ നാല് പൊലീസുകാര്‍ക്ക് സസ്പെന്‍ഷന്‍. സ്റ്റേഷനില്‍ നടന്ന മര്‍ദനം പൊലീസിന് ആകെ നാണക്കേടുണ്ടാക്കിയ സംഭവമെന്ന അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. എന്നാല്‍ സി.ഐയും എസ്.ഐയും മര്‍ദിച്ചില്ലന്നും മേല്‍നോട്ടത്തില്‍ വീഴ്ച മാത്രമേയുള്ളെന്നുമാണ് നടപടി ഉത്തരവിലും പൊലീസിന്റെ നിലപാട്. മനുഷ്യാവകാശ കമ്മീഷനും കേസെടുത്തു. പൊലീസിന്റെ മുഖഛായ കൂടുതല്‍ ജനകീയമാക്കിയതാണ് നേട്ടമെന്ന് ആവര്‍ത്തിച്ച് പ്രസംഗിക്കുന്നയാളാണ് മുഖ്യമന്ത്രി പിണറായി വിജയന്‍. മുഖ്യമന്ത്രി എന്നും ഗുഡ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്ന പൊലീസിന് ആകെ നാണക്കേടാകുന്നതാണ് മക്കളെ തല്ലിച്ചതച്ച നിയമപാലകരെ ഓര്‍ത്തുള്ള ഈ അമ്മയുടെ നിലവിളി.
സൈനികനുള്‍പ്പെടെ രണ്ട് യുവാക്കളെ മര്‍ദിച്ചു, അവരെ കള്ളക്കേസുണ്ടാക്കി ജയിലിലിലുമടച്ചു. ഇത്രയും തെറ്റ് ചെയ്തിട്ടും ആദ്യം വിഷയം പുറത്തറിയാതെ മൂടിവയ്ക്കാനാണ് കൊല്ലം സിറ്റി പൊലീസ് ശ്രമിച്ചത്. പുറത്തറിഞ്ഞപ്പോള്‍ തൊട്ടടുത്ത സ്റ്റേഷനിലേക്ക് സ്ഥലംമാറ്റി നടപടി ഒതുക്കാനായി രണ്ടാം ശ്രമം. എന്നാല്‍ മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസും ഡി.ജി.പിയും ഇടപെട്ടു. ഡി.വൈ.എഫ്.ഐ തന്നെ സ്റ്റേഷന്‍ ഉപരോധിച്ചു.
ഇതോടെ മര്‍ദനം സ്ഥിരീകരിച്ച് പൊലീസിനെതിരെ റിപ്പോര്‍ട്ട് നല്‍കാന്‍ കൊല്ലം കമ്മീഷണര്‍ നിര്‍ബന്ധിതരായി. അതിന്റെ അടിസ്ഥാനത്തിലാണ് എസ്.എച്ച്.ഒ കെ.വിനോദ്, എസ്.ഐ എ.പി.അനീഷ്, ഗ്രേഡ് എ.എസ്.ഐ പ്രകാശ് ചന്ദ്രന്‍, സി.പി.ഒ മണികണ്ഠന്‍ പിള്ള എന്നിവരെ സസ്പെന്‍ഡ് ചെയ്തത്. വകുപ്പുതല അന്വേഷണത്തിന് കൊല്ലം ഡി.സി.ആര്‍.ബി ഡിവൈഎസ്പിയെ ചുമതലപ്പെടുത്തി ദക്ഷിണമേഖല ഐ.ജി പി.പ്രകാശ് ഉത്തരവിട്ടു. അതേസമയം സി.ഐയെയും എസ്.ഐയെയും സംരക്ഷിക്കുന്ന പരാമര്‍ശങ്ങള്‍ നടപടി ഉത്തരവിലുമുണ്ട്. ഗ്രേഡ് എ.എസ്.ഐ പ്രകാശ് ചന്ദ്രനാണ് മര്‍ദിച്ചതെന്നും സി.ഐയ്ക്കും എസ്.ഐയ്ക്കും മര്ദനം തടയുന്നതില്‍ മാത്രമാണ് വീഴ്ചയെന്നുമാണ് ഉത്തരവിലുള്ളത്. സഹോദരങ്ങള്‍ പൊലീസിനെ മര്‍ദിച്ചെന്നും പൊലീസ് വാദിക്കുന്നു.
Four policemen suspended in Kilikollur custodial torture case