gujarath-bjp-2

 

തിരഞ്ഞെടുപ്പ് അടുത്തെത്തി നിൽക്കെ ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കുന്നത് പഠിക്കാൻ സമിതി രൂപീകരിച്ച് ഗുജറാത്ത് സർക്കാർ. ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്നതിന് ഏകീകൃത സിവിൽ കോഡ് അനിവാര്യമെന്ന് മന്ത്രിസഭ യോഗത്തിന് ശേഷം ആഭ്യന്തര മന്ത്രി ഹർഷ് സംഘവി പറഞ്ഞു. അതേസമയം എഎപി പൊതുജനാഭിപ്രായത്തിലൂടെ മുഖ്യമന്ത്രി സ്ഥാനാർഥിയെ തീരുമാനിക്കുമെന്ന്  അരവിന്ദ് കെജ്രിവാൾ അറിയിച്ചു.

 

നിയമസഭ തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ശേഷിക്കെ ബി.ജെ.പി സർക്കാറിന്റെ പ്രധാന അജണ്ടകളിലൊന്നായ ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കാനുള്ള നീക്കങ്ങൾക്ക് ഗുജറാത്തിൽ തുടക്കമിട്ടിരിക്കുകയാണ്. ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കുന്നത് പഠിക്കാൻ വിരമിച്ച ഹൈക്കോടതി ജഡ്ജിയുടെ നേത്യത്വത്തിലുള്ള സമിതിയാണ് രൂപീകരിച്ചിട്ടുള്ളത്. മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലിന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രി സഭ യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്.

 

ഉത്തരാഖണ്ഡിൽ ബി ജെ പി തിരഞ്ഞെടുപ്പിന് തൊട്ട് മുമ്പ് സമാന പ്രഖ്യാപനം നടത്തുകയും ആദ്യ മന്ത്രിസഭ യോഗത്തിൽ സമിതി രൂപീകരിക്കുകയും ചെയ്തിരുന്നു. പ്രചാരണത്തിന്റെ അവസാനഘട്ടത്തിലെ പ്രഖ്യാപനം ഗുണകരമായി എന്നായിരുന്നു ബി ജെ പി വിലയിരുത്തൽ. അതേസമയം, ഗുജറാത്തിൽ മുഖ്യമന്ത്രി സ്ഥാനാർഥിയെ പൊതുജനാഭിപ്രായത്തിലൂടെ തീരുമാനിക്കാനാണ് എഎപി തീരുമാനം. നവംബർ 3 ന് 3 മണിക്കും 5 നും ഇടയിൽ എസ്എംഎസ്, ഇ മെയിൽ തുടങ്ങിയവ വഴി  പൊതുജനാഭിപ്രായം തേടും. നവംബർ 4ന് മുഖ്യമന്ത്രി സ്ഥാനാർഥിയെ പ്രഖ്യാപിക്കുമെന്നും അരവിന്ദ് കെജ്‌രിവാൾ അറിയിച്ചു.

 

Ahead of polls, Gujarat forms panel to implement Uniform Civil Code