Kanayi-protest

സംസ്ഥാന സര്‍ക്കാരിന്റെ പ്രഥമ കേരളശ്രീ പുരസ്ക്കാരം സ്വീകരിക്കില്ലെന്ന് പ്രശസ്ത ശില്‍പി കാനായി കുഞ്ഞിരാമന്‍. തന്റെ  ശില്‍പങ്ങളോട് സര്‍ക്കാര്‍ കാണിക്കുന്ന അവഗണനയില്‍ പ്രതിഷേധിച്ചാണിത്. ശില്‍പങ്ങളുടെ ശോഭ കെടുത്തുന്ന നടപടിയാണ് കഴിഞ്ഞ സര്‍ക്കാരിന്റ കാലത്ത് മുഖ്യമന്ത്രിയും  ടൂറിസം മന്ത്രിയും ചെയ്തതെന്നും കാനായി മനോരമ ന്യൂസിനോട് പറഞ്ഞു. 

 

ശംഖുമുഖം വേളി, പയ്യാമ്പലം എന്നിവിടങ്ങളില്‍ നിര്‍മിച്ച ശില്‍പങ്ങളുടെ ശോഭ കെടുത്തുന്ന തരത്തില്‍ സര്‍ക്കാര്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയതില്‍ ഏറെ നാളായി കാനായി അസംതൃപ്തനാണ്. ഇത് പരസ്യമായി അദ്ദേഹം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. അത് പരിഹരിക്കാത്തിടത്തോളം  പുരസ്കാരം സ്വീകരിക്കേണ്ടെന്നാണ് കാനായിയുടെ തീരുമാനം. കലാരംഗത്തെ മികച്ച  സംഭാവനകള്‍ കണക്കിലെടുത്ത് കഴിഞ്ഞ ദിവസമാണ് സര്‍ക്കാര്‍ കാനായിക്ക് കേരളശ്രീ പുരസ്ക്കാരം പ്രഖ്യാപിച്ചത്. 

 

കഴിഞ്ഞ സര്‍ക്കാരിന്റ കാലത്താണ് ശംഖുമുഖത്തെ സാഗര കന്യക ശില്‍പത്തിന് സമീപം  ഹെലികോപ്റ്റര്‍ സ്ഥാപിച്ചത്.  അത് മാറ്റണമെന്ന് ആവശ്യപ്പെട്ട് പലതവണ അന്നത്തെ ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രനേയും  മുഖ്യമന്ത്രിയെയും സമീപിച്ചിരുന്നുവെന്നും കാനായി പറയുന്നു.  

 

തന്റെ ശില്‍പങ്ങളോടുള്ള അവഗണന ആര്‍ക്കുവേണ്ടിയാണന്ന് തനിക്ക് അറിയാമെന്നും ഇപ്പോള്‍ കൂടുതല്‍ കാര്യങ്ങള്‍ പറയുന്നില്ലെന്നും കാനായി വ്യക്തമാക്കി.

 

Kanayi will not accept the Kerala Sree award