ത്രിപുരയില്‍ മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നത് വെല്ലുവിളിയായി തുടരുന്നതിനിടെ ബിജെപി നിയമസഭാകക്ഷി യോഗം വൈകീട്ട് അഞ്ചിന് ചേരും. ബിജെപിയുമായി ചര്‍ച്ചയ്ക്ക് തയ്യറാണെന്ന് ഗോത്ര പാര്‍ട്ടിയായ തിപ്ര മോത വ്യക്തമാക്കി. തിപ്ര മോതയുമായി സഖ്യമുണ്ടാക്കുന്നതില്‍ പരാജയപ്പെട്ടതാണ് തിരഞ്ഞെടുപ്പ് തിരിച്ചടിക്ക് കാരണമെന്ന് സിപിഎം വ്യക്തമാക്കി. തിരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷമുണ്ടായ അക്രമങ്ങളില്‍ തകര്‍ക്കപ്പെട്ട വീടുകളുടെയും പരുക്കേറ്റ പ്രവര്‍ത്തകരുടെയും വിശദാംശങ്ങള്‍ സിപിഎം പുറത്തുവിട്ടു.
ബിജെപിക്ക് ഭരണത്തുടര്‍ച്ച ലഭിച്ചെങ്കിലും ഭൂരിപക്ഷം കുറഞ്ഞതും പാര്‍ട്ടിയിലെ ആഭ്യന്തര പ്രശ്നങ്ങളും ഗോത്രമേഖലയിലെ തിരിച്ചടിയുമാണ് മുഖ്യമന്ത്രിയെ നിശ്ചിയിക്കുന്നതില്‍ ആശയക്കുഴപ്പം തുടരാന്‍ കാരണം. സമവായത്തിന്‍റെ ഭാഗമായി മണിക് സാഹ തന്നെ മുഖ്യമന്ത്രിയായ തുടരട്ടെ എന്നാണ് പാര്‍ട്ടിയിലെ ഒരു വിഭാഗം ആവശ്യപ്പെടുന്നത്. എന്നാല്‍ കോണ്‍ഗ്രസില്‍ നിന്ന് വന്ന മണിക് സാഹയ്ക്ക് പകരം നേരത്തെ മുതല്‍ പാര്‍ട്ടിയിലുള്ള നേതാവിനെ മുഖ്യമന്ത്രിയാക്കണമെന്ന് മറുപക്ഷം വാദിക്കുന്നു. പ്രശ്നപരിഹാരത്തിന്‍റെ ഭാഗമായി കേന്ദ്രമന്ത്രി പ്രതിമ ഭൗമിക്കിനെ ഉപമുഖ്യമന്ത്രിയാക്കിയേക്കും.
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നഡ്ഢയുമായും അസം മുഖ്യമന്ത്രി ഹിമന്ദ ബിസ്വ സര്‍മയുമായും ഇന്നലെ ചര്‍ച്ച നടത്തിയിരുന്നു. ബുധനാഴ്ച്ചയാണ് സത്യപ്രതിജ്ഞ നിശ്ചിയിച്ചിട്ടുള്ളത്. ഗോത്ര വിഭാഗങ്ങളുെട പ്രശ്നങ്ങള്‍ ഭരണഘടനാപരമായി പരിഹരിക്കാന്‍ ബിജെപിയുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് തിപ്ര മോത നേതാവ് പ്രദ്യോത് മാണിക്യദേബ് ബര്‍മന്‍ പറഞ്ഞു. മോതയുടെ ആശങ്കകള്‍ പരിഹരിക്കുമെന്ന് ഹിമന്ദ ബിസ്വ സര്‍മ വ്യക്തമാക്കി. തിപ്ര മോതയുമായി സഖ്യമുണ്ടാക്കുന്നതില്‍ പരാജയപ്പെട്ടതാണ് തിരഞ്ഞെടുപ്പ് തിരിച്ചടിക്ക് കാരണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി ജിതേന്ദ്ര ചൗധരി പ്രതികരിച്ചു. തിരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷമുണ്ടായ അക്രമങ്ങളില്‍ തകര്‍ക്കപ്പെട്ട വീടുകളുടെയും പരുക്കേറ്റ പ്രവര്‍ത്തകരുടെയും വിശദാംശങ്ങള്‍ സിപിഎം പുറത്തുവിട്ടു.