തൊടുപുഴ ജില്ലാ ആശുപത്രിയിൽ കൈക്കൂലി നൽകാത്തതിന് 12 വയസുകാരന് ചികില്‍സ നിഷേധിച്ചു എന്ന് ആരോപണം. കാഷ്വാലിറ്റി ഡോക്ടർ എ. അൻസിലിനെതിരെയാണ് ആരോപണം. വണ്ണപ്പുറം സ്വദേശികളായ രാജേഷ് - ബിൻസി ദമ്പതികളുടെ മകൻ നിജിനാണ് ചികില്‍സ നിഷേധിച്ചത്. സൈക്കിളിൽനിന്ന് വീണ് തോളെല്ല് പൊട്ടിയ കുട്ടിയുമായി മണിക്കൂറുകളോളം നിന്നിട്ടും ഡോക്ടർ തിരിഞ്ഞു നോക്കിയില്ലെന്ന് രക്ഷിതാക്കൾ പറഞ്ഞു. സംഭവത്തിൽ ആരോഗ്യമന്ത്രി റിപ്പോർട്ട് തേടി
ഇന്നലെ രാവിലെ 11 മണിയോടെയാണ് കുട്ടിയുമായി മാതാപിതാക്കൾ തൊടുപുഴ ജില്ലാ ആശുപത്രിയിൽ എത്തുന്നത്. ആ സമയം ഡ്യൂട്ടി ഡോക്ടർ എക്സറേ എടുക്കാൻ നിർദ്ദേശിച്ചു. എക്സ്-റേ ഫലം ലഭിച്ചപ്പോൾ തന്നെ ഉച്ചകഴിഞ്ഞു. ഉച്ചക്ക് ശേഷം ഉണ്ടായിരുന്ന ഡ്യൂട്ടി ഡോക്ടർ എ അൻസിലാണ് ചികിത്സ നിഷേധിച്ചതെന്ന് രക്ഷിതാക്കൾ ആരോപിച്ചു. സർജറി ചെയ്യണമെങ്കിൽ 5000 രൂപ കൈക്കൂലി വേണമെന്ന് ഡോക്ടർ ആവശ്യപ്പെട്ടു എന്നാണ് ആരോപണം.
പണമില്ലെന്ന് അറിയിച്ചതോടെ ഡോക്ടർ മോശമായി പെരുമാറി എന്നും ആശുപത്രിയിൽ നിന്ന് ഇറക്കിവിട്ടു എന്നും ആരോപണമുണ്ട്. ദയനീയാവസ്ഥ കണ്ട് മറ്റു ആശുപത്രി ജീവനക്കാർ കുട്ടിയുടെ കയ്യിൽ ബാൻഡേജ് ഇടാൻ ഡോക്ടറോട് അഭ്യർത്ഥിച്ചെങ്കിലും കൂട്ടാക്കിയില്ല എന്ന് പിതാവ്. ചികിത്സ നിഷേധിക്കപ്പെട്ടതോടെ സാമ്പത്തിക ബുദ്ധിമുട്ടുള്ള കുടുംബം കുട്ടിക്ക് ചികിത്സ നൽകാതെ വീട്ടിലേക്ക് മടങ്ങി. സംഭവത്തിൽ ശിശു സംരക്ഷണ സമിതി ഇടപെട്ടു. കുട്ടിക്ക് അടിയന്തരമായി ചികിത്സ ലഭ്യമാക്കാൻ ഉള്ള നടപടികൾ ശിശു സംരക്ഷണ സമിതി സ്വീകരിച്ചിട്ടുണ്ട്.
Idukki Thodupuzha taluk hospital bribe complaint