k-krishnankutty-01

 

സ്മാർട് മീറ്റർ പദ്ധതി നടപ്പാക്കുന്നത് ഉപേക്ഷിച്ചിട്ടില്ലെന്ന് മന്ത്രി കെ.കൃഷ്ണൻകുട്ടി. ബദൽ മാർഗം തേടുന്നുണ്ടെന്നും മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിലുള്ള യോഗത്തിൽ നയപരമായ തീരുമാനമുണ്ടാകുമെന്നും മന്ത്രി പറഞ്ഞു. വൈദ്യുതി വിതരണ മേഖലയിൽ കോർപ്പറേറ്റുകൾ പിടിമുറുക്കുന്നതിന്റെ ഭാഗമെന്ന വിലയിരുത്തലിൽ പദ്ധതി നടപ്പാക്കരുതെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി നിർദേശിച്ചിരുന്നു. പദ്ധതി ഉപേക്ഷിച്ചാൽ സബ്സിഡി ഇനത്തിൽ കേന്ദ്ര സർക്കാരിൽ നിന്നും ലഭിക്കേണ്ട പതിനായിരം കോടി കിട്ടാത്ത സ്ഥിതിയുണ്ടാവും. ഇത് ജനങ്ങൾക്കും ബോർഡിനും സാമ്പത്തിക പ്രതിസന്ധിയുണ്ടാക്കും. ബദൽ മാർഗം തേടുന്നതിനുള്ള ശ്രമം തുടങ്ങിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിലുള്ള ഇരുപത്തി അഞ്ചാം തിയതിയിലെ യോഗത്തിൽ നയപരമായ തീരുമാനമുണ്ടാകുമെന്നും മന്ത്രി.

 

മോദി സർക്കാറിന്റെ സമ്മർദ ഫലമായാണ് സ്മാർട് മീറ്റർ പദ്ധതി നടപ്പാക്കുന്നതെന്നാണ് സിപിഎം കേന്ദ്ര നേതൃത്വത്തിന്റെ വിലയിരുത്തൽ. ലാഭം മാത്രം ലക്ഷ്യമിട്ട് കോർപ്പറേറ്റുകൾ പിടിമുറുക്കുന്നതോടെ വൈദ്യുതി വിതരണം സ്വകാര്യവൽക്കരിക്കപ്പെടുമെന്നാണ് വിമർശനം. ഈ സാഹചര്യത്തിലാണ് പദ്ധതി ഉപേക്ഷിക്കണമെന്ന ആവശ്യം സംസ്ഥാന നേതൃത്വത്തെ അറിയിച്ചത്. കെ.എസ്.ഇ.ബി നേരിട്ട് പദ്ധതി നടപ്പാക്കണമെന്നാണ് തൊഴിലാളി യൂണിയനുകളുടെ നിലപാട്. ഭീമമായ സാമ്പത്തിക പ്രതിസന്ധിയിലേക്ക് നയിക്കുമെന്നതിനാൽ ഈ തീരുമാനം നടപ്പാക്കാൻ കഴിയില്ലെന്നാണ് വൈദ്യുതി ബോർഡും വ്യക്തമാക്കുന്നത്. 

Minister K Krishnan Kutty on smart meter