Veena-vijayan

കരിമണല്‍ കമ്പനി സി.എം.ആര്‍.എലുമായുള്ള ഇടപാടില്‍ മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയന്‍റെ കമ്പനി എക്സാലോജിക് നികുതി അടച്ചെന്ന് ജി.എസ്.ടി കമ്മിഷണറുടെ റിപ്പോര്‍ട്ട്.  1.72 കോടിരൂപയുടെ ഐ.ജി.എസ്.ടി കര്‍ണാടകയില്‍ അടച്ചെന്നാണ് ജി.എസ്.ടി കമ്മീഷണറുടെ അന്വേഷണത്തില്‍ കണ്ടെത്തിയത്. വീണയുടെ കമ്പനി ഐ.ജി.എസ്.ടി അടച്ചില്ല എന്ന ആരോപണം മാത്യു കുഴല്‍നാടന്‍ എം.എല്‍.എ ഉന്നയിക്കുന്നതിന് മുമ്പ് തന്നെ നികുതി അടച്ചെന്നാണ് റിപ്പോര്‍ട്ടെന്ന് ധനവകുപ്പ് വൃത്തങ്ങള്‍ അറിയിച്ചു. 

 

എന്നാല്‍ സ്വകാര്യതയെ മാനിച്ച് നികുതി വിവരങ്ങള്‍ പുറത്തു നല്‍കാനാവില്ലെന്നാണ് കഴിഞ്ഞ ദിവസം വിവരാവകാശ നിയമപ്രകാരം ജി.എസ്.ടി വകുപ്പ് നല്‍കിയ മറുപടി. ഒരു സേവനവും നല്‍കാതെയാണ് വീണയുടെ കമ്പനി പണം കൈപ്പറ്റിയതെന്ന ആദായനികുതി തര്‍ക്കപരിഹാര ബോര്‍ഡിന്‍റെ കണ്ടെത്തലിന്‍റെ അടിസ്ഥാനത്തിലാണ് മാത്യു കുഴല്‍നാടന്‍ നികുതിപ്രശ്നം ഉന്നയിച്ചത്. വീണയെ ന്യായീകരിച്ച് സി.പി.എമ്മും മുഖ്യമന്ത്രിയും രംഗത്തുവന്നെങ്കിലും കമ്പനിയുടെ സേവനം എന്തെന്ന നിര്‍ണായക ചോദ്യത്തിന് ഇതുവരെ മറുപടി നല്‍കിയിട്ടില്ല. 

 

എക്സാലോജിക് ഐജിഎസ്ടി അടച്ചതിന്റെ വിശദാംശം ആവശ്യപ്പെട്ടുള്ള കത്തിന് ധനമന്ത്രി മറുപടി നല്‍കിയില്ലെന്ന് മാത്യു കുഴല്‍നാടന്‍ പ്രതികരിച്ചു. നികുതി  അടച്ചിട്ടുണ്ടെങ്കില്‍ രേഖ ഉണ്ടാവുമല്ലോയെന്നും വിശദാംശങ്ങള്‍ അറിഞ്ഞശേഷം പ്രതികരിക്കാമെന്ന് മാത്യു കുഴല്‍നാടന്‍ പറഞ്ഞു.  വിഷയം ഇതുകൊണ്ട് തീരില്ലെന്ന്ും വിശദപ്രതികരണം പിന്നീടെന്നും കുഴല്‍നാടന്‍ തൊടുപുഴയില്‍ പറഞ്ഞു.

 

GST Commissioner's report that Veena Vijayan's company Exalogic tax has paid