ലോക്സഭാ തിരഞ്ഞെടുപ്പിൽ ജോസഫ് ഗ്രൂപ്പ് നേതാവ് ഫ്രാൻസിസ് ജോർജ് കോട്ടയത്തെ സ്ഥാനാർഥി. ഫ്രാൻസിസ് ജോർജിന്റെ പേര് പാർട്ടി ചെയർമാൻ പി.ജെ.ജോസഫ് ഇന്ന് ഔദ്യോഗികമായി പ്രഖ്യാപിക്കും. ഇതോടെ കേരള കോൺഗ്രസുകൾ തമ്മിലുള്ള കോട്ടയത്തെ മത്സരചിത്രം തെളിയുകയാണ്.
44 വർഷത്തിനുശേഷമാണു ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരള കോൺഗ്സുകൾ നേർക്കുനേർ ഏറ്റുമുട്ടുന്നത്. 1980ലെ തിരഞ്ഞെടുപ്പിലാണു കേരള കോൺഗ്രസ് മാണിയും ജോസഫും ഏറ്റവുമൊടുവിൽ പരസ്പരം മത്സരിച്ചത്. സിറ്റിങ് എംപി ജോർജ് ജെ.മാത്യുവിനെ ഇറക്കി കേരള കോൺഗ്രസ് എം.വിജയം നേടി. അന്ന് കേരള കോൺഗ്രസ് എമ്മിനെ തുണച്ച കോട്ടയംകാർ ഇന്ന് കേരള കോൺഗ്രസ് എമ്മിന് ഒപ്പം നിൽക്കുമോ എന്നാണ് ഉറ്റു നോക്കുന്നത്. രണ്ടില ചിഹ്നം എന്ന വികാരവും ജില്ലയിൽ നിന്ന് തന്നെയുള്ള സ്ഥാനാർത്ഥി എന്ന പ്രചാരണവുമൊക്കെയാണ് മാണി ഗ്രൂപ്പിന്റെ ആദ്യഘട്ട പ്രചാരണത്തിന് കരുത്ത് പകരുന്നത്. കെ.എം.മാണി രാഷ്ട്രീയത്തിലേക്ക് കൊണ്ടുവന്ന നേതാവെന്ന സ്വീകാര്യത തോമസ് ചാഴികാടനും കേരള കോൺഗ്രസിന്റെ സ്ഥാപകരിൽ ഒരാളായ കെഎം ജോർജിന്റെ മകൻ എന്ന ഖ്യാതി ഫ്രാൻസിസ് ജോർജിനും മത്സരരംഗത്ത് കരുത്തുള്ള വിലാസം നൽകും.
എന്നാൽ പ്രചാരണത്തിന്റെ അടുത്ത ഘട്ടത്തിൽ പുകയുന്ന റബർ വിഷയവും മറ്റു കർഷക പ്രശ്നങ്ങളും ചൂടുള്ള ചർച്ചയാക്കാനാണ് ജോസഫ് ഗ്രൂപ്പിന്റെ അജണ്ട. കേരള കോൺഗ്രസ്സുകൾക്ക് ഇത് അസ്തിത്വത്തിനു വേണ്ടിയുള്ള മത്സരമാണ്. കോട്ടയത്ത് വീണ്ടും ജയിച്ചാൽ ഇടതുപക്ഷത്ത് കേരള കോൺഗ്രസ് എം അജയ്യരാകും. ജോസഫ് ഗ്രൂപ്പിന് വിജയമുറപ്പിക്കാൻ ആയാൽ കേരള കോൺഗ്രസ് മാണി വിഭാഗം ഇല്ലാതെയും വിജയം നേടാം എന്ന് യുഡിഎഫിനെ ബോധ്യപ്പെടുത്താൻ കഴിയും. എൻഡിഎ സ്ഥാനാർത്ഥിയായി തുഷാർ വെള്ളാപ്പള്ളി കൂടി മത്സരരംഗത്തേക്ക് ഇറങ്ങുന്നതോടെ കോട്ടയത്തെ തിരഞ്ഞെടുപ്പ് ചൂട് കൂടും.
Francis George is the UDF candidate in Kottayam