keltron-1

പൊതുമേഖലാസ്ഥാപനമായ കെല്‍ട്രോണിന്റെ മേല്‍നോട്ടത്തില്‍ സ്ഥാപിക്കുന്ന ലാപ്ടോപ് നിര്‍മാണ കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡിന്റെ ഘടന തീരുമാനിച്ചു. ഐ.ടി കമ്പനിയായ യു.എസ്.ടി ഗ്ലോബലിന്റെ പ്രതിനിധികള്‍ക്കാണ് ബോര്‍‍ഡില്‍ ഭൂരിപക്ഷം. കമ്പനി നിര്‍മിക്കുന്ന ലാപ്ടോപുകള്‍ വാങ്ങുന്നതിന് സര്‍ക്കാര്‍ നടപടി തുടങ്ങി.     

കേരളത്തിന്റെ സ്വന്തം ലാപ്ടോപ് നിര്‍മാണകമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡിന്റെ ഘടനയായി. ആകെ 9 പേരാണ് ബോര്‍ഡിലുണ്ടാവുക. കമ്പനിയില്‍ പങ്കാളികളായ ഐ.ടി കമ്പനി യു.എസ്.ടി ഗ്ലോബല്‍, കെല്‍ട്രോണ്‍, കെ.എസ്.ഐ.ഡി.സി, സ്റ്റാര്‍ട്ടപ്പ് കമ്പനിയായ ആക്സിലറോണ്‍ എന്നിവയ്ക്ക് ബോര്‍ഡില്‍ പങ്കാളിത്തമുണ്ടാകും.

യു.എസ്.ടി ഗ്ലോബലില്‍ നിന്ന് നാലുപേര്‍, കെല്‍ട്രോണില്‍ നിന്ന് രണ്ടുപേര്‍, കെ.എസ്.ഐ.ഡി.സിയില്‍ നിന്നും ആക്സിലറോണില്‍ നിന്നും ഓരോരുത്തര്‍ എന്നിങ്ങനെയാണ് ഡയറക്ടര്‍ ബോര്‍ഡിന്റെ ഘടന. രണ്ടാഴ്ചയ്ക്കകം കമ്പനി റജിസ്റ്റര്‍ ചെയ്യും. ഉടന്‍ തന്നെ ഡയറക്ടര്‍ ബോര്‍ഡിന്റെ ആദ്യ യോഗവും ചേരും. നവംബര്‍ പകുതിയോടെ കമ്പനി പുറത്തിറക്കുന്ന ആദ്യബാച്ച് ലാപ്ടോപ്പുകള്‍ സര്‍ക്കാര്‍  വാങ്ങും.

ലാപ്ടോപ് നിര്‍മിക്കുന്ന കെല്‍ട്രോണിന്റെ മണ്‍വിളയിലെ യൂണിറ്റിന്റെ നവീകരണം അതിവേഗം പുരോഗമിക്കുകയാണ്. പത്തുകോടിയാണ് പ്രാഥമിക മുതല്‍ മുടക്ക്. പദ്ധതിയുടെ രണ്ടാം ഘട്ടത്തില്‍ ഉല്‍പാദനം വര്‍ധിപ്പിക്കുകയും വൈവിധ്യവല്‍ക്കരണത്തിലേക്ക് കടക്കുകയും ചെയ്യും.