ആഗോള ഭീമന്മാരായ ഫെയ്സ്ബുക്കിന് ഈ വർഷം ഇതുവരെ 1740 കോടിയുടെ നഷ്ടം ഉണ്ടായതായി കണക്കുകൾ. തുടർച്ചയായുണ്ടാവുന്ന വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് ഫെയ്സ്ബുക്കിന് വലിയ സാമ്പത്തിക നഷ്ടം ഉണ്ടായിരിക്കുന്നത്. അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ റഷ്യൻ ഇടപെടൽ സംബന്ധിച്ച പ്രശ്നങ്ങൾ ഇതുവരെ കെട്ടടങ്ങിയിട്ടില്ല. ഇതിനിടെയിലാണ് കമ്പനിക്ക് ഇത്രയധികം നഷ്ടം സംഭവിച്ചത്. ഫെയ്‌സ്ബുക്കിന്റെ ഓഹരി മൂന്നു ശതമാനം തകര്‍ന്ന് 139.53 ഡോളറായി. ഏപ്രിലിന് ശേഷം ഏറ്റവും കുറഞ്ഞ നിരക്കാണിത്. ഓഹരി വില ഇടിഞ്ഞതോടെ 3100 കോടി ഡോളറിന്റെ നഷ്ടമാണ് സക്കര്‍ബര്‍ഗിന്നുണ്ടായത്. ഇതോടെ അദ്ദേഹത്തിന്റെ ആസ്തി 55.3 ബില്ല്യന്‍ ഡോളറായി ഇടിഞ്ഞു.
ആമസോണ്‍ മേധാവി ജെഫ് ബെയ്‌സോസിനും മുന്‍ മൈക്രോസോഫ്റ്റ് തലവന്‍ ബില്‍ ഗെയ്റ്റ്‌സിനും പിന്നിലായി ലോകത്തെ മൂന്നാമത്തെ വലിയ കോടീശ്വരന്‍ എന്ന ഖ്യാതിയില്‍ നിന്ന ഫെയ്‌സ്ബുക് മേധാവി മാര്‍ക് സക്കര്‍ബര്‍ഗിന് വന്‍ തിരിച്ചടിയായി. ബ്ലൂംബര്‍ഗിന്റെ റാങ്കിങ്ങില്‍ ഇപ്പോള്‍ അദ്ദേഹത്തിന്റെ സ്ഥാനം ആറാമതാണ്. ഒറക്കൾ കോർപറേഷന്റെ ലാരി എല്ലിസണനാണ് സക്കര്‍ബര്‍ഗിന് പിന്നിൽ ഏഴാം സ്ഥാനത്തുള്ളത്.
അതേസമയം, വിമര്‍ശകര്‍ക്കെതിരെ കുപ്രചരണം അഴിച്ചുവിട്ടുവെന്ന ആരോപണം പുറത്തുവന്നതോടെ ഫെയ്‌സ്ബുക്കിന്റെ ചീഫ് എക്‌സിക്യൂട്ടീവ് സ്ഥാനം സക്കര്‍ബര്‍ഗ് ഒഴിയണമെന്ന് ആവശ്യപ്പെട്ട് കമ്പനിയിലെ ഒരു വിഭാഗം നിക്ഷേപകര്‍ രംഗത്തെത്തി. വിമര്‍ശിക്കുന്നവരെ വംശവെറിയന്മാരായി ചിത്രീകരിച്ചോ, ശതകോടീശ്വരന്‍ ജോര്‍ജ് സോറോസിന്റെ ആള്‍ക്കാരാണ് എന്നാരോപിച്ചോ നിശബ്ദരാക്കാന്‍ പബ്ലിക് റിലേഷന്‍സ് കമ്പനിയുടെ സഹായം തേടിയെന്നാണ് ആരോപണം. ഇങ്ങനെ ചെയ്തതിലൂടെ, ഫെയ്‌സ്ബുക്കിനെതിരെ ഉയര്‍ന്ന ജനരോഷം തങ്ങളുടെ എതിരാളികളായ ടെക്‌നോളജി കമ്പനികള്‍ക്കു നേരെ തിരിച്ചുവിടാൻ ഫെയ്‌സ്ബുക്കിനായെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.