mamngam-movie

 സാമൂതിരിയുടെ തലകൊയ്യാനായി പുറപ്പെട്ട ചാവേറുകൾ. ലക്ഷ്യം പൂർത്തിയാക്കാനായില്ലെങ്കിൽ സ്വന്തം ജീവൻ നഷ്ടപ്പെടുമെന്ന അവസ്ഥയിലും പിന്തിരിയാത്ത  ധീരയോദ്ധാക്കൾ. പതിനാറാം നൂറ്റാണ്ടിലെ മാമാങ്കത്തിന്റെ പുനരാവിഷ്കാരമായ മാമാങ്കം എന്ന ബ്രഹ്മാണ്ഡ ചിത്രത്തിന്റെ ഏറ്റവും പുതിയ വിശേഷങ്ങളുമായി നിർമാതാവ്, പ്രവാസി വ്യവസായി വേണു കുന്നപ്പിള്ളി. കേരളത്തിൽ പന്ത്രണ്ടു വർഷത്തിലൊരിക്കൽ നടന്നിരുന്ന നദീതീര ഉത്സവമായിരുന്നു മാമാങ്കം. ഇന്നത്തെ മലപ്പുറം ജില്ലയിലെ തിരൂരിന് ഏഴ് കിലോമീറ്റർ തെക്കുമാറി തിരുനാവായ മണപ്പുറത്തായിരുന്നു മാമാങ്കം അരങ്ങേറിയിരുന്നത്. മാഘമാസത്തിലെ മകം നാളിൽ നടന്നുവന്ന ഉത്സവമാണിത്. ഇൗ ചരിത്ര സംഭവത്തെ ആസ്പദമാക്കി മമ്മുട്ടിയെ നായകനാക്കി സജീവ് പിള്ള സംവിധാനം ചെയ്യുന്ന ചിത്രം വ്യാഴാഴ്ച(15) മംഗലാപുരത്ത് ചിത്രീകരണം ആരംഭിക്കുന്നു. ഇൗ വർഷം ഡിസംബറിൽ ചിത്രം റിലീസ് ചെയ്യാനാണ് ഉദ്ദേശ്യം.

 

മലയാള ചലച്ചിത്ര മാമാങ്കം 

 

മലയാള ചലച്ചിത്ര മാമാങ്കമാണ് ഇൗ ചിത്രം. മലയാളത്തിൽ ഹോളിവുഡ് സ്പർശമുള്ള ചിത്രം. 50 കോടിയോളം രൂപ മുതൽമുടക്കി നാല് ഷെഡ്യൂളുകളായാണ് ചിത്രീകരണം. ഇതിനുവേണ്ട സൗകര്യങ്ങളെല്ലാം തയ്യാറായിക്കഴിഞ്ഞു. പ്രധാന ഷെഡ്യൂൾ 50 ദിവസം തുടര്‍ച്ചയായി നടക്കും. എറണാകുളത്ത് സെറ്റിട്ടാണ് ഇതു ചെയ്യുന്നത്. ഇത്തരം ചിത്രീകരണങ്ങൾ സാധാരണ ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയിലാണ് നടക്കാറ്. അല്ലെങ്കിൽ ചെന്നൈയിൽ. എന്നാൽ എറണാകുളത്ത് വൈറ്റ് ഫോർട്ടിനടുത്തായി ചിത്രീകരണത്തിനുള്ള ക്രമീകരണങ്ങൾ നടന്നുവരുന്നു. കൊട്ടാരങ്ങളല്ലെങ്കിലും പതിനാറാം നൂറ്റാണ്ടിലെ വൻ കെട്ടിടങ്ങൾ അവിടെ നിർമിക്കുന്നു. റാമോജിയുടെ ആശയത്തിൽ ഇത്തരമൊരു ലൊക്കേഷൻ  ഇന്ത്യയിൽ ആദ്യമായിട്ടാണ് യാഥാർഥ്യമാകുന്നത്. ഷൂട്ടിങ് കേരളത്തിൽ തന്നെയാകുമ്പോൾ, നാട്ടുകാർക്ക് ജോലി കിട്ടുമെന്നതാണ് ഏറ്റവും പ്രധാനമെന്ന് വേണു കുന്നപ്പിള്ളി പറയുന്നു. കൂടാതെ, നിർമാതാവിന്റെയും മറ്റും കൺമുൻപിൽ തന്നെ ഷൂട്ടിങ് നടക്കും. ഇതൊരു പരീക്ഷണമായി കാണാനാണ് താത്പര്യം. 

 

പ്രഗത്ഭരായ സാങ്കേതിക വിദഗ്ധർ 

 

ലോകത്തെ തന്നെ ഏറ്റവും പ്രഗത്ഭരായ രണ്ട് സംഘങ്ങൾ സാങ്കേതിക മേഖലയ്ക്ക് നേതൃത്വം നൽകുമെന്നതാണ് പ്രധാന സവിശേഷതകൾ. പ്രമുഖ വിഎഫ് എക്സ് വിദഗ്ധനായ ആർ.സി. കമലക്കണ്ണൻ മാമാങ്കത്തിന് വേണ്ടി പ്രവർത്തിക്കും. ബാഹുബലി രണ്ട്, മഗധീര, അരുന്ധതി, ഇൗഗ(ഇൗച്ച) തുടങ്ങിയ ചിത്രങ്ങളിലെ വിഷ്വൽ ഇഫക്ട്സ് കമലക്കണ്ണന്റേതാണ്. മലയാളത്തിൽ ആദ്യമായാണ് കമലക്കണ്ണൻ വരുന്നത്. അദ്ദേഹം ചെറിയ ചിത്രങ്ങൾക്ക് വേണ്ടി പ്രവർത്തിക്കാറില്ല.  

 

രണ്ടാമത്തെ സംഘം തയ് ലൻഡിൽ നിന്നുള്ള ജെയ്ക്ക സ്റ്റണ്ട്സ്. ബാഹുബലി, വിശ്വരൂപം, ക്രൗചിങ് ടൈഗർ തുടങ്ങിയ ബ്രഹ്മാണ്ഡ ചിത്രങ്ങൾക്ക് സ്റ്റണ്ട് നിർവഹിച്ച ടീമാണിത്. കഴിഞ്ഞ ദിവസം ബാങ്കോക്കിൽ ചെന്നാണ് അവരെ ഏർപ്പാടാക്കിയത്. കളരി തുടങ്ങിയ ആയോധന കലയാണ് മാമാങ്കത്തിന്റെ പ്രത്യേകത. ഇത്തരം ആക് ഷൻ രംഗങ്ങൾ യാഥാർഥ്യമാക്കാൻ ജെയ്ക്കയ്ക്ക് സാധിക്കുമെന്നാണ് പ്രതീക്ഷ. 

 

ഇതര ഭാഷകളിലേയ്ക്ക് മൊഴിമാറ്റും 

 

ചിത്രത്തിന്റെ യഥാർഥ ബജറ്റ് തീരുമാനിച്ചിട്ടില്ല. എന്നാലും 50 കോടി രൂപയോളം വരുമെന്നാണ് കരുതുന്നത്. ബജറ്റിട്ടപ്പോൾ മലയാളത്തിൽ മാത്രം കാശ് തിരിച്ചുപിടിക്കാനാവില്ല. മലയാളത്തിൽ ഷൂട്ട് ചെയ്ത് തമിഴ്, തെലുങ്ക്, ഹിന്ദി, ഇംഗ്ലീഷ് എന്നീ ഭാഷകളിൽ മൊഴിമാറ്റും. മലേഷ്യ, ഇന്തൊനീഷ്യ തുടങ്ങിയ സ്ഥലങ്ങളിൽ കൂടി ചിത്രം റിലീസ് ചെയ്യും. മുഴു ആക്ഷൻ ചിത്രമാണിത്. ഒട്ടേറെ വൈകാരിക രംഗങ്ങൾ. ഇതുവരെ മലയാളത്തിലെത്താത്ത ബോളിവുഡ് താരമാണ് നായികയായ ദേവദാസിയെ അവതരിപ്പിക്കുക. ഇവരടക്കം എൺപതോളം നടീനടന്മാർ അണിനിരക്കുന്നു. പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന അഞ്ച് നടിമാരിൽ രണ്ട് പേരെ ബോളിവുഡിൽ നിന്നും മൂന്ന് പേർ മലയാളത്തിൽ നിന്നുമാണ്. പ്രശസ്ത തമിഴ് യുവ താരം രണ്ടാമത്തെ നായകനാകും. മമ്മൂട്ടി ആദ്യ ഷെഡ്യൂളിൽ തന്നെ അഭിനയിക്കും. മാമാങ്കത്തിന് പോകുന്ന കർഷകനാണ് അദ്ദേഹം. നാല് ഗെറ്റപ്പിലാണ് അദ്ദേഹം ഇൗ ചിത്രത്തിൽ പ്രത്യക്ഷപ്പെടുക. ഇതിലൊന്നിന് സ്ത്രൈണ ഭാവമാണ്. 35 മിനിറ്റോളം സ്ത്രൈണഭാവത്തിൽ അദ്ദേഹം തകർക്കും. 

 

ചരിത്ര കഥാപാത്രങ്ങൾക്ക് അനുയോജ്യൻ  

 

ചരിത്ര സിനിമകൾ കാണാൻ ഇഷ്ടപ്പെടുന്ന നിർമാതാവാണ് വേണു കുന്നപ്പിള്ളി. സിനിമ ചെയ്യുകയാണെങ്കിൽ അത്തരമൊരു ചിത്രമായിരിക്കണമെന്ന് ഉറപ്പിച്ചിരുന്നു. ചരിത്ര കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ മമ്മുട്ടിയോളം മറ്റാരുമില്ല എന്നാണ് എന്റെ വിശ്വാസം. കഴിഞ്ഞ 28 വർഷമായി ഗൾഫിൽ വ്യവസായിയായ വേണു കുന്നപ്പിള്ളി മൂന്ന് വർഷം സൗദിയിലെ അബഹയിൽ ജോലി ചെയ്ത ശേഷം യുഎഇയിലെത്തി ബിസിനസ് രംഗത്തേയ്ക്ക് പ്രവേശിക്കുകയായിരുന്നു. എൻആർഐ നിർമാതാക്കൾ സിനിമയ്ക്ക് പണം ചെലവഴിക്കുക മാത്രമേ ചെയ്യാറുള്ളൂ. പക്ഷേ, വേണു കുന്നപ്പിള്ളി സിനിമ യാഥാർഥ്യമാകും വരെ എല്ലാ രംഗത്തും മുഴുകാനാണ് തീരുമാനിച്ചിട്ടുള്ളത്.  

 

കർണന് സംഭവിച്ചത് 

 

സ്വപ്നപദ്ധതിയായിരുന്ന കർണൻ ഉപേക്ഷിക്കാൻ ഒന്നിലേറെ കാരണങ്ങളുണ്ടായിരുന്നു. ഇതിലൊന്നാമത്തേത് ബജറ്റ് തന്നെ. അറുപത് കോടിയോളം എന്ന് ഉദ്ദേശിച്ചാണ് എല്ലാം തീരുമാനിച്ചത്.  പിന്നീട് അതിലും കൂടുമെന്നായപ്പോൾ വളരെ മാന്യമായി തന്നെ നിർമാണത്തിൽ നിന്ന് ഒഴിഞ്ഞു. കുറച്ച് പണം ചെലവഴിച്ചിരുന്നു. അത് മറ്റേതെങ്കിലും വഴിയിൽ സമ്പാദിക്കാൻ സാധിക്കുമെന്ന് വിശ്വസിക്കുന്നു. രണ്ടാമത്, കർണൻ ദുബായിൽ വച്ച് പ്രഖ്യാപിക്കുമ്പോഴുണ്ടായിരുന്ന വ്യക്തമായ ആസൂത്രണം പിന്നീട് നഷ്ടപ്പെട്ടതുപോലെ തോന്നി. കൂടാതെ, ആയിരം കോടി രൂപ ചെലവഴിച്ച് മഹാഭാരതം വരാനിരിക്കുന്നു. കർണൻ എന്ന സീരിയൽ സംപ്രേഷണം ചെയ്തുകൊണ്ടിരിക്കുന്നു. ഇൗ അവസ്ഥയിൽ കർണന്റെ പ്രസക്തി നഷ്ടപ്പെട്ടതായും കരുതുന്നു. കർണന് ശേഷം ഒട്ടേറെ പ്രൊജക്ടുകൾ വന്നെങ്കിലും കൃത്യമായ പദ്ധതിയുമായി എത്തിയ സജീവ് പിള്ളയുമായി കൈകോർക്കാൻ തീരുമാനിക്കുകയായിരുന്നു.