adaar-love-raw

ഒരു അഡാര്‍ ലവ് സിനിമയിലെ ഗാനരംഗത്തിനെതിരെ തെലങ്കാന പൊലീസ് റജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് നടി പ്രിയാ വാര്യരും സംവിധായകന്‍ ഒമര്‍ ലുലുവും സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കാനിരിക്കുകയാണ്. ഗാനം മതവികാരം വ്രണപ്പെടുത്തിയെന്നാണ് കേസ്. സംഗതി തീർപ്പായാലും ഇല്ലെങ്കിലും അടുത്ത കാലത്തൊന്നും വിവാദങ്ങൾ കണ്ണടക്കില്ലെന്നാണ് തോന്നുന്നത്.

 

ചിത്രത്തിലെ കണ്ണിറുക്കൽ ‘കിടു’ എന്ന മലയാള സിനിമയിലെ ഗാനരംഗത്തിലെ കോപ്പിയടിയെന്നാണ് പുതിയ ആരോപണം. സംഗതി പരിശോധിച്ചാൽ ചെറിയൊരു സാമ്യമുണ്ടെന്നും തോന്നും. മജീദ് അബു സംവിധാനം ചെയ്ത കിടു എന്ന ചിത്രത്തിലാണ് സമാന രംഗമുള്ളത്. ഈ രംഗത്തിന്റെ ക്ളിപ്പ് സോഷ്യൽമിഡിയയിൽ ആരോ പോസ്റ്റ് ചെയ്തതോടെയാണ് എല്ലാവരും ശ്രദ്ധിക്കുന്നത്. ഇതോടെയാണ് കോപ്പിയടി ആരോപണം ഉയർന്നത്. ഈ പാട്ടും പാടിയിരിക്കുന്നത് വിനീത് ശ്രീനിവാസനാണെന്നതാണ് കൗതുകം. 

 

ഇതിനിടെ സംഗതികൾ വിശദീകരിച്ച് കിടു ചിത്രത്തിന്റെ നിർമാതാവ് സാബു പി.കെ തന്നെ സ്ക്രീനിലെത്തി. 

 

‘ഈ രംഗം കണ്ടിട്ട് പലരും പറയുന്നത് ഇവർ അഡാറ് ലൗവിൽ നിന്നും കോപ്പിയടിച്ച് ചെയ്ത പാട്ട് ആണെന്ന്. ഒരിക്കലുമല്ല. അത് മനസ്സിലാക്കാൻ കാരണം ഞാൻ തന്നെ പറയാം. എന്റെ സിനിമയുടെ എ‍ഡിറ്ററും അ‍ഡാറ് ലൗവിന്റെ എഡിറ്ററും ഒരാള് തന്നെയാണ്. നവംബര്‍ 25ന് പാക്ക്അപ് ചെയ്ത സിനിമയാണ് കിടു. ജനുവരിയിൽ അതിന്റെ എഡിറ്റും കഴിഞ്ഞു. അതിന് ശേഷമാണ് അഡാറ് ലൗവിൽ ഈ എഡിറ്റർ ജോയിൻ ചെയ്യുന്നത്. അതിന് ശേഷമാണ് ഈ രംഗം ഷൂട്ട് ചെയ്യുന്നത്. ശരിക്കും ഞങ്ങളാണ് പറയേണ്ടത് അവർ കോപ്പയടിച്ചെന്ന്. നമ്മൾ അങ്ങനെ പറയുന്നുമില്ല. ഇതിന്റെ പുറകെ വിവാദങ്ങളുമായി പോകാനും താൽപര്യമില്ല. അങ്ങനെയൊരു സിനിമയുടെ ചെറിയ ഭാഗത്തിനെ ചൊല്ലി വഴക്കുണ്ടാക്കുന്നത് എന്തിനാണ്. സിനിമയുടെ ചില ഭാഗങ്ങളിൽ സ്വാഭാവികമായും സാമ്യമുണ്ടായേക്കാം, ജീവിതം തന്നെ അങ്ങനയെല്ലേ.’–സാബു പറഞ്ഞു.

 

പുതുമുഖങ്ങളായ അനഘയും റംസാനുമാണ് കിടുവിലെ പ്രധാനവേഷങ്ങൾ ചെയ്യുന്നത്.  ഒരു അധ്യാപികയുമായി കുട്ടികൾക്കുണ്ടാകുന്ന അടുപ്പവും തുടർന്നുള്ള സംഭവവികാസങ്ങളും നർമത്തിലൂടെ പറയുകയാണ് ചിത്രത്തിൽ.