sithara-new1

പെണ്ണിന് പാട്ട് പലതാണ്. ആത്മാവിലേക്ക് പെയ്തിറങ്ങുന്ന മഴപോലെ, പ്രണയത്തിന്റെ പൂക്കാലം തീർക്കുന്നവ, വിരഹത്തിന്റെ വേദനയിൽ വീർപ്പുമുട്ടുന്നവ, ഏകാന്ത രാത്രികളിൽ താരാട്ടാകുന്നവ, സ്വപ്നങ്ങൾക്ക് ചിറകുമുളപ്പിക്കുന്നവ അങ്ങനെ അങ്ങനെ... വിവിധ രൂപത്തിലും ഭാവത്തിലും വ്യത്യസ്ത കാലങ്ങളില്‍ഹൃദയത്തിലേക്ക് ഊർന്നുവീഴും.

മലയാള സിനിമയിലെ ഒട്ടുമിക്ക പെൺപാട്ടുകളും നമുക്ക് അത്രമേൽ പ്രിയപ്പെട്ടവയായിരുന്നു. കാലത്തിനിപ്പുറവും ഈ പെൺ ശബ്ദങ്ങൾ കാതുകളിൽ മൂളുന്നുണ്ട്. പക്ഷേ, ഈ പാട്ടുകൾക്ക് ഈണമായവർ എത്രപേരുണ്ട്. മലയാള സിനിമയിൽ. വിരലിലെണ്ണാവുന്നവര്‍ മാത്രം. പിന്നണി ഗാന രംഗത്ത് ഏറെ ശ്രദ്ധ നേടിയ സിത്താര കൃഷ്ണകുമാർ ഇപ്പോള്‍ ഗായിക മാത്രമല്ല. സംഗീത സംവിധായിക കൂടിയാണ്. കഥ പറഞ്ഞ കഥ, ഉടലാഴം എന്നീ രണ്ടു ചിത്രങ്ങളിൽ സ്വന്തം കയ്യൊപ്പ് പതിപ്പിച്ചു സിത്താര. ഉടലാഴത്തിലെ പൂമാതെ പൊന്നമ്മ എന്ന ഗാനം ഇതിനോടകം തന്നെ ജനശ്രദ്ധ നേടിക്കഴിഞ്ഞു. ഒരു ഗായികയിൽ നിന്നും സംഗീത സംവിധായികയിലേക്കുള്ള സിത്താരയുടെ ചുവടുവെപ്പ് മലയാള സിനിമയുടെ ചരിത്രത്തിന്റെ ഭാഗം കൂടിയാവുകയാണ്. ഈ വർഷത്തെ സംസ്ഥാന സർക്കാർ അവാർഡ് തേടിയെത്തുക കൂടി ചെയ്തതോടെ സിത്താരയ്ക്കിത് ഇരട്ടിമധുരത്തിന്റെ ദിനങ്ങൾ.

 

എങ്ങിനെയായിരുന്നു ഗായികയിൽ നിന്നും സംഗീത സംവിധായികയിലേക്കുള്ള ചുവടുവെപ്പ്?

sithara2

 

പാട്ടുകൾ ഞാൻ നേരത്തെ തന്നെ കമ്പോസ് ചെയ്യുമായിരുന്നു. പക്ഷേ അത് എനിക്ക് വേണ്ടി മാത്രമായിരുന്നു. കഴിഞ്ഞ വനിതാ ദിനത്തിനാണ് ആദ്യമായി ഒരു ഗാനം കംപോസ് ചെയ്തു പുറത്തു കൊണ്ടുവരുന്നത്. എനിക്കു പാടാൻ വേണ്ടിയും എന്റെ ബാന്റിനു വേണ്ടിയും പാട്ടുകൾ കംപോസ് ചെയ്യാറുണ്ട്. പക്ഷേ, സിനിമ എന്നു പറയുമ്പോൾ അത് തികച്ചും വ്യത്യസ്തമായ ഒരു അനുഭവമാണ് കാരണം കുറെ ആളുകളുടെ ആഗ്രഹവും സ്വപ്നങ്ങളുമാണ് സിനിമ. അവരുടെ സ്വപ്നങ്ങൾക്കനുസരിച്ചു വേണം അതിന്റെ സംഗീതവും ചിട്ടപ്പെടുത്താൻ. നേരെത്തെയും പലരും ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും ഏറ്റെടുക്കാനുള്ള ഒരു ധൈര്യക്കുറവ് ഉണ്ടായിരുന്നു. കാരണം, നമ്മൾ ചിട്ടപ്പെടുത്തുന്ന സംഗീതം സിനിമയുടെ കഥയുമായി അത്രമേൽ ഇഴുകി ചേരണമല്ലോ. വളരെ പ്രഗത്ഭരായ ആളുകൾ ഇടപെട്ട സ്ഥലമാണല്ലോ സിനിമ എന്നുപറയുന്നത്. അതുകൊണ്ട് അത്രയും പുർണത വേണം. ഇപ്പോൾ ചെയ്ത രണ്ടു സിനിമകളും സുഹൃത്തുക്കളുടേതാണ്. അത് നമ്മൾ ചെയ്താൽ മതി എന്ന് അവർ പറഞ്ഞ് ബോധ്യപ്പെടുത്തിയതു കൊണ്ടാണ് ഏറ്റെടുക്കാൻ തീരുമാനിച്ചത്.. കഥപറയുന്ന കഥയും ഉടലാഴവും ചെയ്തു. കഥപറയുന്ന കഥയിലാണ് സ്വതന്ത്ര സംവിധായികയായി ചെയ്തത്. ഉടലാഴത്തിൽ ഞാനും സുഹൃത്ത് മിഥുനും ചേർന്നാണ് സംഗീത സംവിധാനം ചെയ്തത്. ആദ്യം കംപോസ് ചെയ്തത് ഉടലാഴമാണെങ്കിലും റിലീസായത് കഥപറഞ്ഞ കഥയാണ്.

 

എന്തുകൊണ്ട് മലയാള സിനിമയിൽ വനിതകൾ സംഗീത സംവിധാന രംഗത്തേക്ക് വരുന്നില്ല?

sithara1

 

എന്തുകൊണ്ടാണ് അങ്ങനെ സംഭവിക്കുന്നതെന്ന് എനിക്കറിയില്ല. ഞാൻ നോക്കുമ്പോൾ നമ്മുടെ സമപ്രായക്കാരായ ആണ്‍കുട്ടികൾ എങ്ങനെയൊക്കെയാണോ സംഗീതം പഠിക്കുന്നത്. അതേ പ്രായത്തിൽ തന്നെയാണ് പെൺകുട്ടികളും സംഗീതം പഠിക്കുന്നത്. പഠിക്കാനുള്ള അവസരങ്ങളും വേദിയിൽ അവതരിപ്പിക്കാനുള്ള അവസരങ്ങളും ഒരു പോലെയാണ്. പക്ഷേ, സംഗീത സംവിധാനം എന്ന മേഖലയിലേക്ക് സ്ത്രീകൾ വരാത്തത് എന്തുകൊണ്ടാണെന്ന് ഞാനും ആദ്യം ആലോചിച്ചിരുന്നു. അങ്ങനെ ആലോചിക്കുമ്പോൾ എല്ലാ തൊഴിൽ മേഖലകളിലും അങ്ങനെ സംഭവിച്ചിട്ടുണ്ട്. ആദ്യം പുരുഷന്മാരുടേതാകുകയും പിന്നീട് അവിടേക്ക് സ്ത്രീകൾ കടന്നു വരികയും ചെയ്തു. ചിലപ്പോൾ അങ്ങനെ ആയിരിക്കും. അതിനുള്ള ഒരു കാലതാമസമായിരിക്കണം ഉണ്ടായിരുന്നത്. പിന്നെ ആ ജോലിയുടെ ഒരു അവസ്ഥ അങ്ങനെയാണ്. കാരണം, ആ സ്ഥാനത്ത് നില്‍ക്കുന്നവർക്ക് ഒരു നേതൃ പാഠവം കൂടി ആവശ്യമാണ്. അതു കൊണ്ടായിരിക്കാം സ്ത്രീകൾ മാറി നിൽക്കുന്നത്. പക്ഷേ, ഒരു സംഗീത സംവിധായിക എന്ന നിലയിൽ ഈ മേഖലയിൽ നിൽക്കുമ്പോൾ എനിക്കങ്ങനെയുള്ള  ബുദ്ധിമുട്ടുകളൊന്നും വ്യക്തിപരമായി അനുഭവപ്പെട്ടിട്ടില്ല.  എന്തൊക്കെയോ കാരണങ്ങൾ കൊണ്ട് സംഗീത സംവിധായകരായി അധികം ആരെയും കണ്ടിട്ടില്ല. പെൺകുട്ടികൾ ഈ മേഖലയിലേക്ക് കടന്നു വരികയും വേണം. അങ്ങനെ എങ്കില്‍ സ്ത്രീകൾക്ക് വലിയ സാധ്യതയുള്ള മേഖലയാണ്് സംഗീത സംവിധാനം.

 

സംഗീത സംവിധാന രംഗത്തേക്ക് വരുന്നതിന് സ്ത്രീകൾക്കുള്ള ബുദ്ധിമുട്ടുകൾ?

 

സമയമാണ് ഇതിന്റെ പ്രധാന പ്രശ്നം. രണ്ട് മണിക്കൂറിനുള്ളിൽ നമുക്ക് ഒരു ഗാനം പാടിക്കഴിയും. എന്നാൽ സംഗീത സംവിധാനമാകുമ്പോൾ ഷെഡ്യൂളിനനുസരിച്ച് ജോലി ചെയ്യാനാകില്ല. സംഗീത സംവിധാനത്തിലേക്ക് കടക്കുമ്പോൾ സമയ ബന്ധിതമായി ജോലി ചെയ്യാൻ കഴിയില്ല. ചിലപ്പോൾ കൂടുതൽ സമയമെടുക്കും. ജോലിചെയ്യുന്ന സമയത്തിനപ്പുറത്തേക്ക് നമ്മൾ ഈ ഗാനത്തെ പറ്റി ചിന്തിക്കേണ്ടി വരും. രാത്രി ഏറെ വൈകിയും ജോലി ചെയ്യേണ്ടിവരും. അതൊക്കെ ചിലപ്പോൾ സ്ത്രീകൾക്ക് ബുദ്ധിമുട്ടുണ്ടായിരുന്നിരിക്കാം. ഒരു സംഗീത സംവിധായികയാകണമെങ്കിൽ നമുക്ക് എല്ലാ ഭാഗത്തു നിന്നും ഒരു സ്ത്രീയെ സംബന്ധിച്ച് പിന്തുണ ലഭിക്കേണ്ടതുണ്ട്. സ്ത്രീകൾ എന്നു പറഞ്ഞാൽ കുടുംബം, കുട്ടികൾ അങ്ങനെ എല്ലാം ബാലൻസ് ചെയ്യുന്നവരാണല്ലോ. അപ്പോൾ അതിലൊക്കെ വരുന്ന ബുദ്ധിമുട്ടുകൾ കൊണ്ടാകാം സ്ത്രീകൾക്ക് ഉൾവലിയേണ്ടി വരുന്നത്.

 

പൂമാതെ പൊന്നമ്മ പാട്ട് തരംഗമാകുന്നു, ഒപ്പം വിവാദങ്ങളും., എന്താണ് പ്രതികരണം?

 

പി.ഗീത ടീച്ചറുടെ ഫെയ്സ്ബുക്ക് പോസ്റ്റ് ആളുകൾ തെറ്റിദ്ധരിച്ചിരിക്കാം. വാമൊഴിയായുള്ള കുറെ പാട്ടുകളുണ്ടല്ലോ. അത്തരം പാട്ടുകൾ എടുത്ത് ടീച്ചറുടെ അച്ഛന്‍ ഏകോപിച്ചു. ആ അർഥത്തിൽ മാത്രമായിരുന്നു ടീച്ചറുടെ കുറിപ്പ്. ഞങ്ങൾ ആ ഗാനത്തിന് കൊടുത്ത ക്രഡിറ്റ് മനു മഞ്ജിത്ത് എന്നായിരുന്നു. മനു എഴുതി എന്ന നിലയിൽ പഴയ വരികൾ അവതരിപ്പിച്ചു എന്ന് ആളുകൾ കരുതി. പാട്ട് മുപ്പത് വരികളുള്ള കൃത്യമായ ഘടനയുള്ളതാണ്. മുപ്പതുവരികളിൽ പൂമാതെയുടെ കഥ ഉൾക്കൊള്ളിച്ചിരിക്കുന്നു. അതു മുഴുവനായി റിസർച്ച് നടത്തി എഴുതിയത് മനു മഞ്ജിത്താണ്. അതിന്റെ മുഴുവന്‍ ക്രഡിറ്റും മനുവിന് അവകാശപ്പെട്ടതാണ്

 

ഒരു ഗായികയായോ സംഗീത സംവിധായികയായോ അറിയപ്പെടാനിഷ്ടം?

 

മ്യൂസിഷൻ എന്ന നിലയിൽ അറിയപ്പെടാനാണിഷ്ടം. അതിപ്പോൾ അറിയപ്പെട്ടാലും ഇല്ലെങ്കിലും. ആരുടെ മുമ്പിലും ഇല്ലെങ്കിലും വീട്ടിലെങ്കിലും എനിക്കു സ്വസ്ഥമായി പാടാൻ‍ കഴിയണം. മ്യൂസിക്കുമായി ബന്ധപ്പെട്ട് നല്ല കേൾവിക്കാരിയായി എങ്കിലും ഇരിക്കാൻ സാധിക്കണം.  അതാണ് എന്റെ ആഗ്രഹം.