നിയമവിദ്യാർഥികളുടെ ഇടയിലെ സുന്ദരികുട്ടി, ഭാവിയിൽ റഷ്യൻ ഫാഷൻ ലോകം കീഴടക്കാൻ പോകുന്നവൾ: കൂട്ടുകാർ മറിയ ലെബഡേവയെന്ന മോഡലിന് ചാർത്തികൊടുത്ത വിശേഷണങ്ങളായിരുന്നു. ഇതൊന്നും അതിശയോക്തിയുമായിരുന്നില്ല. പക്ഷെ താൻ ഒരുകാലത്ത് ഒരു മോഡലായിരുന്നുവെന്നോ, അഴകളവുകൾകാത്തുസൂക്ഷിച്ചിരുന്നവളായിരുന്നെന്നോ ഒന്നും 23വയസുകാരിയായ മറിയയ്ക്ക് ഓർമയില്ല. തന്റെ പുതിയ രൂപം എങ്ങനെയാണെന്ന് കാണാൻ പോലും മറിയയ്ക്ക് സാധിക്കുന്നില്ല. സ്നേഹപൂർവ്വം അവളെ മിഷയെന്ന് വിളിച്ചിരുന്ന കൂട്ടുകാരിൽ ഒരാളെപ്പോലും അവർക്ക് ഓർമയില്ല. അത്രയേറെ ഓർമകളെല്ലാം 2016ലെ ആ കാർഅപകടം തകർത്തെറിഞ്ഞു.
വിധി അവളോട് അപ്രതീക്ഷിതമായിട്ടാണ് ക്രൂരതകാണിച്ചത്. കാർറൈഡിനെത്താൻ വൈകിയെത്തിയതിന്റെ പേരിൽ കാമുകൻ ദേഷ്യപ്പെട്ടു. വഴക്കിട്ടുകൊണ്ടാണ് ഇരുവരും കാറിൽ കയറിയത്. ഇടയ്ക്കുവെച്ച് വഴക്ക്മൂർച്ഛിച്ച് കാമുകൻ കാറിൽ വെളിയിലേക്ക് എടുത്തുചാടി. നിയന്ത്രണം വിട്ട കാർ മറ്റൊരു കാറിൽ കൂട്ടിയിടിച്ചു. എയർബാഗ് ഉണ്ടായിരുന്നതുകൊണ്ട് കാമുകൻ രക്ഷപെട്ടു. എന്നാൽ ആ അപകടം തകർത്തത് മറിയയുടെ ജീവിതവും സ്വപ്നങ്ങളുമായിരുന്നു.
പത്തുദിവസം കോമയിൽ കിടന്നു. നട്ടെല്ലിന് പരുക്ക് പറ്റി, കാഴ്ചശക്തി നഷ്ടമായി, ഓർമകൾ മാഞ്ഞു. ജീവൻ തിരിച്ചുകിട്ടിയെങ്കിലും മരുന്നുകളും ശസ്ത്രക്രിയകളും മറിയയുടെ രൂപം തന്നെ മാറ്റികളഞ്ഞു. മെലിഞ്ഞ ശരീരം തടിച്ചു. നൃത്തം ചെയ്യാൻ ഇഷ്ടപ്പെടിരുന്നുവൾക്ക് കട്ടിലില്‍ നിന്നും ചലിക്കാൻ പോലും പറ്റാത്ത അവസ്ഥവന്നു. അഴകളവുകളെല്ലാം വടുക്കളായി. ഒരു അഭിഭാഷകയാകണമെന്ന മോഹത്തിന്റെലാഞ്ജനപോലും ഓർമകോശങ്ങളിൽ അവശേഷിക്കാതെയായി. ഇപ്പോൾ അന്ധഗായകസംഘത്തിലെ പാട്ടുകാരിയാണ് മറിയ. അപകടത്തോടെ കാമുകനും കൂട്ടുകാരെന്ന് വിശ്വസിച്ചിരുന്നവരും അകന്നു.
സഹതാപത്തെയാണ് മറിയ ഏറ്റവുമധികം വെറുക്കുന്നത്. വടിയുടെ സഹായത്തോടെ പതിയെനടക്കുമ്പോൾ മറ്റുള്ളവർ തന്റെമേൽ ചൊരിയുന്ന സഹതാപതരംഗം വേദനിപ്പിക്കാറുണ്ട്, എന്നാൽ എന്തിനാണവർ സഹതപിക്കുന്നതെന്ന് മാത്രം അവൾക്ക് മനസിലാകുന്നില്ല. ഭാവിയിൽ ഒരു ഫ്ലൈറ്റ് അറ്റൻഡർ ആകണമെന്നാണ് മറിയയുടെ ആഗ്രഹം. മറിയയുടെ തുടർചികിൽസയ്ക്കായി ഏതാനും ചിലസുഹൃത്തുക്കൾചേർന്ന് ധനസമാഹരണകൂട്ടായ്മകൾ തുടങ്ങിയിട്ടുണ്ട്. എന്നെങ്കിലും പഴയ മിഷയെ തിരികെകൊണ്ടുവരാൻ സാധിക്കുമെന്നാണ് അവരുടെ വിശ്വാസം.