മലയാള സിനിമയിലെ നടനപൗരുഷത്തിന്‍റെ പ്രകാശമായിരുന്ന ജോസ് പ്രകാശ് വിടപറഞ്ഞിട്ട് ആറുവര്‍ഷം. ഗായകനായെത്തി നായകനായും വില്ലനായും സഹനടനായുമെല്ലാം അഞ്ചുപതിറ്റാണ്ടിലേറക്കാലം തിളങ്ങിയ ചരിത്രമായിരുന്നു ജോസ് പ്രകാശിന്‍റേത്. പാട്ടുകാരനാകാൻ മോഹിച്ചു സിനിമയിൽ എത്തുകയും ഒടുവില്‍ അഭിനയത്തിലൂടെ മലയാളികളുടെ മനസില്‍ ചിരപ്രതിഷ്ഠ നേടുകയും ചെയ്ത താരമായിരുന്നു കോട്ടയം കാരനായ കുന്നേല്‍ ബേബി ജോസഫ് എന്ന ജോസ് പ്രകാശ് . അമ്പതിലേറെ വര്‍ഷക്കാലത്തെ അഭിനയപര്യയില്‍ മുന്നൂറ്റിയമ്പതിലധികം ചിത്രങ്ങളില്‍ ജോസ് പ്രകാശ് തന്‍റെ സാന്നിധ്യമറിയിച്ചു.
നായകനായും സഹനടനായുമെല്ലാം തിളങ്ങിയെങ്കിലും ജോസ് പ്രകാശ് എന്ന പേര് കേള്‍ക്കുമ്പോള്‍ തന്നെ മലയാളി ഒാര്‍ക്കുന്നത് .ചുണ്ടിൽ എരിയുന്ന പൈപ്പും , കയ്യിൽ ലോഡുചെയ്‌ത റിവോൾവറുമായെത്തുന്ന വില്ലനെത്തന്നെയാണ്. ശശികുമാർ സംവിധാനം ചെയ്‌ത 'ലവ് ഇൻ കേരള' യിലെ വില്ലൻ വേഷം വഴിത്തിരവായത്.
1953 ൽ തിക്കുറിശ്ശിയുടെ 'ശരിയോ തെറ്റോ' എന്ന സിനിമയിലൂടെ നടനായും ഗായകനായും അരങ്ങേറിയ ജോസ് പ്രകാശ് 2011ല്‍ ട്രാഫിക് എന്ന ചിത്രത്തിലാണ് അവസാനിമായി അഭിനയിച്ചത്.പട്ടാളക്കാരനായിരുന്ന ജോസ് പ്രകാശ് സിനിമയില്‍ എത്തിയതും ഏറെ യാദൃശ്ചികമായിട്ടായിരുന്നു . തിരശീലയില്‍ വില്ലത്തരങ്ങള്‍ ഏറെ കാണിച്ചിട്ടുണ്ടെങ്കിലും ഇതിന് നേര്‍ വിപരീതമായ വ്യക്തിത്വമായിരുന്നു ജീവിതത്തില്‍ ജോസ് പ്രകാശിന്‍റേത്. 2012ല്‍ എണ്‍പത്തിയാറാം വയസില്‍ ജീവിതത്തിന്‍റെ അരങ്ങൊഴിഞ്ഞ ജോസ് പ്രകാശിന്‍റെ ഒാര്‍മകള്‍ ബാക്കിവയ്ക്കുന്നത് കാലം മായ്ക്കാത്ത ഒരുപിടി കഥാപാത്രങ്ങളെയാണ്.