പൂമരം തിയറ്ററിൽ നിറഞ്ഞോടുന്നതിനിടെയിൽ സിനിമയിലെ അഭിനേത്രിക്ക് ജീവിതത്തിലും പൂമരത്തിന്റെ തനിയാവർത്തനം. മെറിൻ ഫിലിപ്പിനാണ് ചിത്രത്തിലേതിന് സമാനമായ അനുഭവം കേരള സർവകലാശാല യുവജനോൽസവം കാത്തുവച്ചത്. സിനിമയിൽ എം.ജി സർവകലാശാല കലോൽസവമാണെങ്കിൽ ഇതു കേരള സർവകലാശാല കലോൽസവമാണെന്ന് മാത്രം. ചിത്രത്തിൽ കലാകിരീടത്തിനായി ആവേശപ്പോരാട്ടം നടത്തുന്ന കോളജ് സംഘത്തിലെ അംഗമായിട്ടാണ് മെറിൻ വേഷമിട്ടത്. കോളജിനായി നേടുന്ന ഒാരോ പോയിന്റും കപ്പിലേക്കുള്ള ദൂരം കുറയ്ക്കുമെന്ന വിശ്വാസത്തിലുള്ള പോരാട്ടം. അതെ സിനിമ തിയറ്ററിൽ നിറഞ്ഞോടുമ്പോൾ കൊല്ലത്ത് കേരളസർവകലാശാല യുവജനോൽസവത്തിൽ പോരാട്ടത്തിൽ മെറിനെ കാത്തിരുന്നതും അതെ അനുഭവമായിരുന്നെന്ന് മെറിൻ മനോരമ ന്യൂസ് ഡോട്ട്കോമിനോട് പറഞ്ഞു.
താൻ ഭാഗമായ ചിത്രം തിയറ്ററിൽ നല്ല പ്രതികരണത്തോടെ മുന്നേറുന്നു. അതിനൊപ്പം ഇരട്ടിമധുരമായിരുന്നു കഥാപ്രസംഗത്തിൽ ലഭിച്ച കയ്യടിയും പിന്നാലെ വന്ന ഒന്നാംസ്ഥാനവും. എന്നാൽ ആ സന്തോഷത്തിന്റെ ആയുസ് കലോൽസവത്തിൽ കേട്ടുതഴമ്പിച്ച അഴിമതിയിൽ മെറിന് നഷ്ടപ്പെട്ടു. ഇവിടെ ഇങ്ങനെയാണ്, എന്നു പറഞ്ഞത് സമാധാനിക്കാൻ ഒരുക്കമായിരുന്നില്ല മെറിൻ. സ്വപ്നം കണ്ട നേട്ടം കയ്യിലെത്തിയിട്ട് അതു തട്ടികളഞ്ഞവരോട് പോരാടാൻ ഉറച്ച മെറിന്റെ തിരുമാനം വിജയം കണ്ടു. വാർത്ത മനോരമ ന്യൂസിലൂടെ കേരളം അറിഞ്ഞപ്പോൾ സംഘാടകർ തന്നെ ആ തെറ്റുതിരുത്തി. വീണ്ടും കൈവിട്ട ഒന്നാം സ്ഥാനത്തേക്ക് മെറിൻ തിരിച്ചുവന്നു. ചലച്ചിത്ര–സീരിയൽതാരം മഹാലക്ഷ്മിക്ക് സ്ഥാനക്കയറ്റം നൽകിയതാണ് വിവാദമായത്. വിദ്യാർഥികളുടെ പ്രതിഷേധം ശക്തമായതോടെ വിധി നിർണയം പഴയപോലെയാക്കി സംഘാടകർ തടിതപ്പി.
പൂമരം ജീവിതത്തിലും സംഭവിച്ചോ?
ശരിക്കും അതുതന്നെ പറയാം. ഞാൻ അല്പം മുൻപ് പൂമരത്തിന്റെ സംവിധായകൻ എബ്രിഡ് ഷൈൻ സാറിനോട് വിളിച്ചു പറഞ്ഞതേയുള്ളൂ. സർ, പൂമരം എന്റെ ജീവിതത്തിൽ സംഭവിച്ചു. അന്ന് ഷൂട്ടിങ്ങിനിടയിൽ ചർച്ചചെയ്ത കലോൽസവത്തിലെ അഴിമതി കഥകൾ ഞാൻ നേരിട്ടറിഞ്ഞു. അദ്ദേഹം എന്ന ആശ്വസിപ്പിച്ചു. പക്ഷേ എന്റെ കഴിവിന് ലഭിച്ച അംഗീകാരം വീണ്ടും എന്നെ തേടിയെത്തി. എന്നെ മാത്രമല്ല സമാന അനുഭവമുണ്ടായ ദിവ്യയെയും. ഇപ്പോൾ ഞങ്ങൾ പറഞ്ഞറിയിക്കാനാകാത്ത സന്തോഷത്തിലാണ്. ഒപ്പം നിന്ന സുഹ്യത്തുക്കൾക്കും മാധ്യമപ്രവർത്തകർക്കും മെറിൻ നന്ദി പറഞ്ഞു. പറഞ്ഞവസാനിക്കുന്നതിന് മുൻപ് മെറിൻ ഒന്നുകൂടി പറയുന്നു. കലോൽസവം കഴിവുകൊണ്ട് മാറ്റുരയ്ക്കേണ്ടതാണ്. അഴിമതിയിലൂടെ നേടുന്ന പ്രതിഭാ പട്ടത്തിന് അത് അർഹിക്കുന്നവരുടെ കണ്ണീരുണ്ടാകും. അങ്ങനെ സ്വന്തമാക്കുന്ന നേട്ടത്തിന് എന്താണ് അർഥം.?